രാജ്യസുരക്ഷ മോദിയുടെ കരങ്ങളില്‍ ഭദ്രമല്ല –വി.എം. സുധീരന്‍

താമരശ്ശേരി: ഇന്ത്യയുടെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളില്‍ ഭദ്രമല്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ജനരക്ഷായാത്രക്ക് താമരശ്ശേരിയില്‍ നല്‍കിയ സ്വീകരണയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനമായ വ്യോമസേനാ താവളമായ പത്താന്‍കോട്ടില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്നത് നിസാരവത്കരിക്കാനാവില്ല. പാകിസ്താന്‍െറ യുദ്ധവെറി അവസാനിപ്പിച്ച യുദ്ധങ്ങളിലെല്ലാം തന്ത്രപ്രധാന കേന്ദ്രമായി പ്രവര്‍ത്തിച്ച വ്യോമസേന സൈനികതാവളത്തിലാണ് ഭീകരര്‍ നുഴഞ്ഞുകയറിയത്. ദിവസങ്ങളോളം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം ലോകത്തിനുമുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യ രക്ഷാ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാറിന്‍െറ തെറ്റായ സാമ്പത്തിക നയംമൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കര്‍ഷകരാണ് ഏറ്റവുംകൂടുതല്‍ ബലിയാടായിരിക്കുന്നത്. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ കാര്‍ഷികവിളകള്‍ക്ക് വിലത്തകര്‍ച്ച നേരിടുകയാണ്. റബര്‍ കര്‍ഷകരെ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് പാഴ്വാക്കായിരിക്കയാണ്. അനിയന്ത്രിതമായ റബര്‍-പാമോയില്‍ ഇറക്കുമതി റബര്‍ കര്‍ഷകരെയും കേരകര്‍ഷകരെയും ഒരുപോലെ തകര്‍ത്തു. രാജ്യത്തെ വര്‍ഗീയ ഫാഷിസത്തിന്‍െറയും അസഹിഷ്ണുതയുടെയും കൊടുംക്രൂരതകള്‍ക്ക് വിധേയമാക്കി മതേതരത്വത്തെയും ജനാധിപത്യത്തെയും ഉന്മൂലനം ചെയ്യാനാണ് മോദി ശ്രമിക്കുന്നത്. മാന്‍ഹോളില്‍ മരണപ്പെട്ട നൗഷാദിനെ അപഹസിച്ച് വെള്ളാപ്പള്ളി നടത്തിയ പ്രസംഗം മതസ്പര്‍ധ വളര്‍ത്താന്‍ കരുതിക്കൂട്ടി നടത്തിയ ശ്രമമായിരുന്നു. അമിത് ഷായും സംഘ്പരിവാറും ഏല്‍പിച്ച ദൗത്യമേറ്റെടുത്ത് കേരളത്തില്‍ മതവിദ്വേഷം വളര്‍ത്താനുള്ള വെള്ളാപ്പള്ളി നടേശന്‍െറ ശ്രമത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചത് ഏറെ പ്രതീക്ഷനല്‍കുന്നതായും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാറിന്‍െറ മദ്യനയത്തെ സുപ്രീംകോടതി അംഗീകരിച്ചിട്ടും നിലപാട് വ്യക്തമാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തയാറായിട്ടില്ല. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുസമൂഹത്തിനെതിരെ ബാറുടമകളോടൊപ്പം ചേര്‍ന്ന് സര്‍ക്കാറിന്‍െറ മദ്യനയത്തെ തകര്‍ക്കാനാണ് സി.പി.എം ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സംഘ്പരിവാറുമായി ചര്‍ച്ചക്ക് തയാറായ പിണറായി വിജയന്‍ സംഘട്ടനത്തില്‍ കൊല്ലപ്പെട്ട കുടുംബത്തോട് മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. എ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ, രാജ്മോഹന്‍ ഉണ്ണിത്താന്‍, ടി. സിദ്ദീഖ്, വി.ഡി. സതീശന്‍, കെ.പി. അനില്‍കുമാര്‍, അഡ്വ. പി. എം. സുരേഷ്ബാബു, എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. എ. ശങ്കരന്‍, അഡ്വ. ജയന്ത്, അഡ്വ. പ്രവീണ്‍കുമാര്‍, എന്‍.കെ. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. പി.സി. ഹബീബ് തമ്പി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.