കക്കോടി: പറമ്പില്‍ബസാര്‍-ചാലില്‍ത്താഴം റോഡിലെ കള്‍വര്‍ട്ട് തകര്‍ന്ന് നാട്ടുകാര്‍ ദുരിതത്തില്‍. മാസങ്ങളായി ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിട്ട്. പറമ്പില്‍ ഹൈസ്കൂളിന് മുന്നിലെ കള്‍വര്‍ട്ട് പണി തുടങ്ങിയിട്ട് രണ്ടുമാസത്തോളമായിട്ടും ഇഴഞ്ഞു നീങ്ങുകയാണ്. കക്കാട്ടുമലയില്‍നിന്ന് ലോറികളില്‍ മണ്ണ് കയറ്റി ഇതുവഴി പോയതോടെയാണ് യാത്രക്കാര്‍ക്ക് ദുരിതം തുടങ്ങിയത്. വലിയ ലോറികളില്‍ മണ്ണ് കയറ്റി പോയതോടെ പഴയ ഓവുചാലിന്‍െറ നടുവൊടിഞ്ഞു തൂങ്ങി. ഇതോടെ ലോറികള്‍ വഴിമാറി ഓടുകയായിരുന്നു. സ്ളാബ് ഒടിഞ്ഞ് റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ നാട്ടുകാര്‍ തെങ്ങുപാകി താല്‍ക്കാലിക പാലം തീര്‍ത്തു. ഇതും അവതാളത്തിലായതോടെയാണ് കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഏഴുലക്ഷം രൂപ കള്‍വര്‍ട്ടിന് അനുവദിച്ച് ബദല്‍ സംവിധാനം ഒരുക്കാതെ പണി തുടങ്ങിയത്. ഇതോടെ കക്കോടി, കുരുവട്ടൂര്‍ പഞ്ചായത്തുകള്‍ അതിരിടുന്ന ഈ റോഡ് യാത്രക്കാര്‍ക്ക് അപ്രാപ്യമായി. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് പണി ഇഴഞ്ഞുനീങ്ങുന്നതെന്ന് പരാതി ഉയര്‍ന്നു. അനേകം വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡ് അവതാളത്തിലായിട്ട് അധികാരികള്‍ക്ക് മിണ്ടാട്ടമില്ല. ബേറിങ് കോട്ട് കോണ്‍ക്രീറ്റ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞുവേണം മേല്‍ സ്ളാബ് വാര്‍ക്കാന്‍. ഇതുമൂലം പണി പൂര്‍ത്തിയാക്കാന്‍ മാസമെങ്കിലും എടുക്കുന്ന അവസ്ഥയാണ്. സ്വകാര്യ വ്യക്തിയുടെ കടവരാന്തയിലൂടെയാണ് ബൈക്ക് യാത്രികര്‍ സാഹസികമായി വാഹനം ഓടിക്കുന്നത്. ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്. എന്നാല്‍, കോണ്‍ക്രീറ്റ് ഉറയ്ക്കാനുള്ള സ്വാഭാവികസമയം എടുക്കുന്നതുകൊണ്ടാണ് പണി താമസിക്കുന്നതെന്നാണ് കുരുവട്ടൂര്‍ പഞ്ചായത്ത് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.കെ. വേലായുധന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.