ആയിരത്തിലധികം കുടുംബങ്ങള്‍ ഒഴിപ്പിക്കപ്പെടും

വടകര: അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്ന സാഹചര്യത്തില്‍ അതിവേഗ റെയില്‍ പ്രതിരോധ സമിതി ഈമാസം 21ന് വടകര താലൂക്ക് ഓഫിസിലേക്ക് ജനകീയ പ്രതിഷേധമാര്‍ച്ച് നടത്തും. പദ്ധതിക്കായി വടകര താലൂക്കില്‍ മാത്രം ആയിരത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരുമെന്നാണ് കണക്ക്. പാതക്കായി അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ച് അതിവേഗ റെയില്‍ പ്രതിരോധ സമിതി നേരത്തേതന്നെ തയാറാക്കിയതാണീ കണക്ക്. ആരാധനാലയങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍, ഇതര കെട്ടിടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കുന്നുകള്‍ തുടങ്ങി വന്‍ നഷ്ടത്തിന്‍െറ കണക്കുകള്‍ വേറെയുമുണ്ട്. വടകര മേഖലയില്‍ അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട്, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളിലൂടെയാണ് റെയില്‍ കടന്നുപോകുന്നത്. 110 മീറ്റര്‍ വീതിയിലാണ് ഇതിനായി സ്ഥലമേറ്റെടുക്കുക. ഇതുകൂടാതെ ഇരു വശങ്ങളിലും നിശ്ചിത പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുമുണ്ടാകുമെന്നാണറിയുന്നത്. ഇതനുസരിച്ച് ചോറോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാത്രം 250ലധികം വീടുകളാണ് നഷ്ടപ്പെടുക. ഇതില്‍ പലതും പുതുതായി നിര്‍മിച്ചവയുമാണ്. വള്ളിക്കാട്, കോമുള്ളിക്കുന്ന്, കാളംകുളംതാഴ, കോയിക്കല്‍താഴ നെല്‍വയലുകള്‍, കോയിക്കല്‍ ക്ഷേത്രം, ചോറോട് രാമത്ത് പുതിയകാവ്, ശ്രീമുച്ചിലോട്ട് ഭഗവതി ക്ഷേത്രക്കുളം, ചോറോട് എച്ച്.എസ്.എസ് റോഡ്, കുരിക്കിലാട്-വൈക്കിലശ്ശേരി റോഡ്, ചോറോട്-മലോല്‍മുക്ക് റോഡ്, വള്ളിക്കാട്-വൈക്കിലശ്ശേരി റോഡ്, വള്ളിക്കാട് ലോഹ്യാ മന്ദിരം തുടങ്ങിയവയെ കീറിമുറിച്ചുകൊണ്ടാണ് പാത കടന്നുപോകുന്നത്. ഇതിനായി സ്ഥലം അടയാളപ്പെടുത്തിയതിനാല്‍ ഭൂമി വില്‍പന നടത്തലോ, വസ്തു പണയപ്പെടുത്തി വായ്പയെടുക്കലോ നിലച്ച അവസ്ഥയിലാണെന്ന് ആക്ഷേപമുണ്ട്. പദ്ധതിയെക്കുറിച്ച് വ്യക്തത നല്‍കി സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക മാറ്റണമെന്ന് പ്രതിരോധസമിതി താലൂക്ക് ചെയര്‍മാന്‍ സി.കെ. മൊയ്തു, കണ്‍വീനര്‍ ടി.കെ. സിബി എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.