പലിശ ഉപയോഗപ്പെടുത്തി റോഡ് നന്നാക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍െറ പദ്ധതി

കോഴിക്കോട്: നിക്ഷേപങ്ങളുടെ പലിശ ഉപയോഗപ്പെടുത്തി റോഡ് നന്നാക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍െറ പദ്ധതി. ജില്ലാ കലക്ടറാണ് നഗരത്തിലെ റോഡ് നന്നാക്കാന്‍ പുതിയ പദ്ധതി ആവിഷ്കരിച്ചത്. ബാങ്ക് നിക്ഷേപത്തിനും മറ്റും ലഭിക്കുന്ന പലിശ വിശ്വാസപരമായ കാരണങ്ങളാല്‍ സ്വീകരിക്കാത്തവരെ ഉപയോഗപ്പെടുത്തിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ‘നമ്മുടെ നിരത്തുകള്‍ നമുക്കു നിരത്താം’ പദ്ധതിയിലൂടെ റോഡുകള്‍ നന്നാക്കാനുള്ള ഫണ്ടിലേക്കാണ് പലിശ വിഹിതം സംഭാവനയായി സ്വീകരിക്കുന്നത്. നഗരത്തില്‍ ബിസിനിസ് നടത്തുന്ന രണ്ട് യുവാക്കള്‍ തങ്ങള്‍ക്ക് പലിശയായി ലഭിക്കുന്ന തുക പൊതുനന്മക്കായുള്ള പദ്ധതികളിലേക്ക് നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് കലക്ടര്‍ എന്‍. പ്രശാന്തിനെ അറിയിച്ചതാണ് പുതിയ പദ്ധതി രൂപപ്പെടുത്താന്‍ പ്രേരണയായത്. പദ്ധതിയില്‍ പങ്കുചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇതിനോടകം 20ഓളം വ്യക്തികള്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കലക്ടറുടെ ഒൗദ്യോഗിക ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ വഴികളിലെ കുഴിയടക്കാനായുള്ള പദ്ധതിയാണ് ജില്ലാ ഭരണകൂടം രൂപം നല്‍കിയത്. ഓരോ പ്രദേശത്തുമുള്ള നിരത്തിലെ കുഴികളെക്കുറിച്ച് നാട്ടുകാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. ഇതിനായി മൊബൈല്‍ ആപ്ളിക്കേഷനും തയാറാക്കിയിട്ടുണ്ട്. ഓരോ ദിവസത്തെയും കുഴിയടപ്പിനുള്ള തുക ആരെങ്കിലും സ്പോണ്‍സര്‍ ചെയ്യുക, ജോലിയുടെ നിലവാരം പ്രദേശവാസികള്‍ തന്നെ ഉറപ്പുവരുത്തുക എന്നിങ്ങനെയാണ് പദ്ധതി. സ്പോണ്‍സര്‍മാരുടെ പരസ്യം കുഴിയടക്കുന്ന യന്ത്രത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാവും. യു.എല്‍.സി.സി.എസിന്‍െറ യന്ത്രമുപയോഗിച്ച് കുഴിയടപ്പ് നടത്തി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി മഴക്കാലത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചതാണ്. ഇപ്പോള്‍ പദ്ധതി പുനരാരംഭിക്കുമ്പോള്‍ സ്പോണ്‍സര്‍മാരെ മാത്രം ആശ്രയിക്കാതെ പണത്തിനായി മറ്റു മാര്‍ഗങ്ങളും കണ്ടത്തെണമെന്ന ആലോചനയിലായിരുന്നു ജില്ലാ ഭരണകൂടം. ഫേസ്ബുക്കില്‍ അവതരിപ്പിച്ച പദ്ധതി ഇതിനോടകം ഒട്ടേറെപ്പേരുടെ പ്രശംസ നേടിക്കഴിഞ്ഞു. അതേസമയം, തെക്കേപ്പുറത്തെ പ്രവാസികളുടെ കൂട്ടായ്മയില്‍ ബാങ്ക് സമ്പാദ്യത്തിന്‍െറ പലിശ ഉപയോഗിച്ച് കുണ്ടുങ്ങല്‍ മനന്തലപ്പാലത്തിനു സമീപത്തെ ഓവുചാല്‍ വൃത്തിയാക്കി കൈവരി നിര്‍മിക്കുന്ന പദ്ധതി നടപ്പാക്കിവരികയാണ്. കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളടക്കം ഒട്ടേറെപ്പേര്‍ക്കു ഗുണം ചെയ്യുന്ന പദ്ധതിക്കായി അവര്‍ രണ്ടുലക്ഷം രൂപയാണ് നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.