സ്കൂള്‍ കലോത്സവം: അപ്പീല്‍ കുറക്കാന്‍ തീവ്രശ്രമം

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ അപ്പീല്‍ വഴി ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികളെ ഇറക്കുന്ന കോഴിക്കോടിന് ഇത്തവണ ഡി.പി.ഐയുടെ കുരുക്ക്. അപ്പീലുകളുടെ എണ്ണം കുറക്കാന്‍ എല്ലാ ഡി.ഡി.ഇമാരോടും ആവശ്യപ്പെട്ടെങ്കിലും ഏറ്റവും കൂടുതല്‍ ഏശുക കോഴിക്കോടിനാവും. സമ്മര്‍ദങ്ങള്‍ അവഗണിച്ച് അപ്പീലുകള്‍ കുറക്കുന്നതിന് കിണഞ്ഞുശ്രമിക്കുകയാണ് ഡി.ഡി.ഇ ഓഫിസ്. അപ്പീല്‍ കുറക്കാന്‍ ആവശ്യപ്പെട്ടതിനൊപ്പം ഡി.പി.ഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത്തവണ അപ്പീല്‍ അപേക്ഷകള്‍ പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് ഈമാസം നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ 322 അപ്പീലുകളാണ് ഡി.ഡി.ഇക്ക് ലഭിച്ചത്. ആകെ അപേക്ഷയുടെ 10 ശതമാനം അപ്പീലുകള്‍ അനുവദിക്കാനേ പാടുള്ളൂവെന്നാണ് ഡി.പി.ഐയുടെ സര്‍ക്കുലര്‍. സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തുടര്‍ച്ചയായി നേടുന്ന കോഴിക്കോടിനാണ് നിര്‍ദേശം ഏറ്റവും വലിയ വിനയായത്. അപ്പീലുകള്‍ അനുവദിക്കുന്നത് നിരീക്ഷിക്കാന്‍ ഡി.പി.ഐയില്‍നിന്ന് രണ്ടുപേരാണ് ജില്ലയിലത്തെിയത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയന്‍റ് ഡയറക്ടര്‍ അനില ജോര്‍ജ്, സീനിയര്‍ സൂപ്രണ്ട് കെ. വിനോദന്‍ എന്നിവരാണ് നിരീക്ഷകര്‍. ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയിലാണ് ചെയര്‍മാന്‍. കഴിഞ്ഞവര്‍ഷം വരെ ഡി.ഡി.ഇ ചെയര്‍മാനും വിഷയവിദഗ്ധനും അടങ്ങുന്ന സമിതിയാണ് അപ്പീലുകള്‍ അനുവദിച്ചിരുന്നത്. ഈ സമിതിക്കു പുറമെയാണ് ഇത്തവണ നിരീക്ഷകരെ വിട്ടത്. ജില്ലയിലെ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് വാരിക്കോരി അപ്പീല്‍ നല്‍കിയെന്നാണ് കഴിഞ്ഞവര്‍ഷം ഉയര്‍ന്ന പരാതി.സാങ്കേതിക കാരണങ്ങളാല്‍ യോഗ്യതനേടാതെ പിന്തള്ളപ്പെട്ടവര്‍ക്കുമാത്രമേ അപ്പീല്‍ അനുവദിക്കാവൂവെന്നാണ് നിയമമെങ്കിലും സ്വാധീനമുള്ളവര്‍ കാര്യം സാധിക്കുകയാണ് പതിവ്. ഈ അവസ്ഥക്കാണ് ഇത്തവണ പൊതുവിദ്യാഭ്യാസ വകുപ്പ് കടിഞ്ഞാണിട്ടത്. അപ്പീല്‍ അപേക്ഷകളില്‍ കോഴിക്കോട് മോഡല്‍ സ്കൂളിലാണ് ഹിയറിങ് നടന്നത്. പരമാവധി 32 പേര്‍ക്കേ ഇത്തവണ അപ്പീല്‍ സാധ്യതയുള്ളൂ. കലോത്സവത്തില്‍ നിലവിലെ ജേതാക്കളായ കോഴിക്കോട് 220 അപ്പീലുകളാണ് കഴിഞ്ഞവര്‍ഷം അനുവദിച്ചത്. ഇതില്‍ ഭൂരിഭാഗവും ഡി.ഡി.ഇയാണ് അനുവദിച്ചത്. കിരീടം പങ്കിട്ട പാലക്കാട് ജില്ലയാണ് അപ്പീലുകളില്‍ രണ്ടാം സ്ഥാനത്ത്- 174 എണ്ണം. തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍നിന്ന് 100ലധികം അപ്പീലുകള്‍ വന്നു. കോഴിക്കോട്ട് നടന്ന മേളയില്‍ 1270 അപ്പീലുകള്‍ വന്നതോടെ മേളയുടെ നടത്തിപ്പുതന്നെ അവതാളത്തിലായി. ഈ സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ അപ്പീലുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജില്ലയില്‍ പണം വാങ്ങി അപ്പീല്‍ അനുവദിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. അനുവദിച്ചതിലും അധികം അപ്പീല്‍ അനുവദിച്ചതിന് ഡി.ഡി.ഇ ഓഫിസിലെ മുന്‍ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് വിജിലന്‍സ് അന്വേഷണവും നേരിടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.