ഡ്രൈവര്‍മാരുടെ ആശങ്ക; ഏയ് ഓട്ടോ പദ്ധതിക്ക് ‘സിഗ്നല്‍’ ലഭിച്ചില്ല

കോഴിക്കോട്: നഗരത്തിലത്തെുന്ന യാത്രക്കാര്‍ക്ക് എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ‘ഏയ് ഓട്ടോ’ മൊബൈല്‍ ആപ്ളിക്കേഷന്‍ പദ്ധതിക്ക് സിഗ്നല്‍ ലഭിച്ചില്ല. നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്ന പദ്ധതിയായിട്ടും നടപ്പാക്കാനാവാതെ വലയുകയാണ് അധികൃതര്‍. ഓട്ടോ തൊഴിലാളികളുടെ ആശങ്കയാണ് പദ്ധതി പ്രാവര്‍ത്തികമാകുന്നതിന് തടസ്സമാകുന്നതെന്നാണ് ജില്ലാ അധികൃതരുടെ ഭാഷ്യം. മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ളിക്കേഷന്‍ വഴി യാത്രക്കാര്‍ക്ക് നഗരത്തില്‍ എവിടെയും ഏതു സമയത്തും ഓട്ടോ വിളിക്കാനുള്ള സംവിധാനമായിരുന്നു ഏയ് ഓട്ടോ. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ക്യൂവില്‍ കാത്തുകിടക്കാതെ വീട്ടിലിരുന്ന് തന്നെ ബുക്കിങ് എടുക്കുകയും ചെയ്യാം. കഴിഞ്ഞ ഓണത്തിന് പദ്ധതി ഒൗപചാരികമായി നിരത്തിലിറക്കുമെന്നായിരുന്നു ജില്ലാ കലക്ടറുടെ പ്രഖ്യാപനം. ഏയ് ഓട്ടോ എന്ന മൊബൈല്‍ ആപ്ളിക്കേഷനും മറ്റു പ്രാരംഭ പ്രവര്‍ത്തനങ്ങളും ഓണത്തിന് മുമ്പുതന്നെ പൂര്‍ത്തിയാക്കിയെങ്കിലും ‘ആപ്’ പ്രവര്‍ത്തനക്ഷമമായിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് നാല് വിശദീകരണ യോഗം ചേര്‍ന്നിട്ടും 100ല്‍ താഴെ ഓട്ടോ ഡ്രൈവര്‍മാര്‍ മാത്രമേ പദ്ധതിയില്‍ ചേര്‍ന്നുള്ളൂ. കാലാകാലമായി തുടര്‍ന്നുപോരുന്ന രീതിയില്‍നിന്നും മാറുന്നതിനെ പറ്റിയുള്ള ആശങ്ക, പരിചയമില്ലാത്ത സാങ്കേതിക വിദ്യയോടുള്ള ഭയം ഒക്കെയാണ് ഡ്രൈവര്‍മാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ആയിരം ഡ്രൈവര്‍മാരെങ്കിലും പദ്ധതിയുടെ ഭാഗമായില്ളെങ്കില്‍ അക്ഷരാര്‍ഥത്തില്‍ ആപ്പിലാകും എന്നാണ് അധികൃതര്‍ കരുതുന്നത്. കൂടുതല്‍ ഓട്ടോ ഡ്രൈവര്‍മാരെ പദ്ധതിയില്‍ ചേര്‍ക്കുന്നതിന്‍െറ ഭാഗമായി വിവിധ തൊഴിലാളി സംഘടനകളുമായി വീണ്ടും ചര്‍ച്ചനടത്താനാണ് ജില്ലാ കലക്ടറുടെ തീരുമാനം. ഓട്ടോ ഡ്രൈവര്‍മാരെ കുറിച്ച് നല്ലതുമാത്രം കേട്ട കോഴിക്കോട് നഗരത്തില്‍ വിനോദ സഞ്ചാരികള്‍ക്കും ആഭ്യന്തര യാത്രികര്‍ക്കും പ്രയോജനപ്രദമായ പദ്ധതിയാണ് അകാലചരമം പ്രാപിക്കുന്നത്. സമീപത്തുള്ള ഓട്ടോറിക്ഷകള്‍ ഏതൊക്കെയെന്നറിയാനും മൊബൈല്‍ സ്ക്രീനില്‍ തെളിയുന്ന നമ്പറില്‍ ഡ്രൈവറെ വിളിക്കാനും സഹായിക്കുന്ന ആപ്ളിക്കേഷനാണ് ഏയ് ഓട്ടോ. മികച്ച ഓട്ടോറിക്ഷാ സേവനത്തിന് പേരെടുത്ത കോഴിക്കോട് അത് കൂടുതല്‍ ജനസൗഹൃദവും സുരക്ഷിതവും ലാഭകരവുമാക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലുള്ളത്. നിരവധി പുതിയ പദ്ധതികള്‍ അവതരിപ്പിച്ച് കൈയടി നേടിയ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് തന്നെയാണ് ഏയ് ഓട്ടോക്കും മുന്‍കൈയെടുത്തത്. ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഫോണിലെ പ്ളേസ്റ്റോറില്‍നിന്ന് ഏയ് ഓട്ടോ എന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആപ്ളിക്കേഷന്‍ തുറന്നാലുടന്‍ സമീപത്ത് ലഭ്യമായ ഓട്ടോകളുടെ നമ്പറും ഡ്രൈവര്‍മാരുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളും സ്ക്രീനില്‍ തെളിയും. ഡ്രൈവറുടെ നമ്പറില്‍ വിളിച്ചാല്‍ മിനിറ്റുകള്‍ക്കകം ഓട്ടോ കണ്‍മുന്നിലത്തെും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോകളുടെ വിവരങ്ങളാണ് മൊബൈലില്‍ തെളിയുക. ഇതിന് ഓട്ടോ ഡ്രൈവര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ളിക്കേഷനില്‍ പാസ്വേഡ് ഉപയോഗിച്ച് സൈന്‍ അപ് ചെയ്ത ശേഷം പേര്, ഓട്ടോ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ഓട്ടത്തിന് റെഡിയാണെങ്കില്‍ ആപ്ളിക്കേഷനിലെ പ്രത്യേക ബട്ടന്‍ ഓണ്‍ ചെയ്താല്‍ മതി. വിശ്രമവേളകളില്‍ ഇത് ഓഫ് ചെയ്ത ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകില്ല. ഓട്ടോ തൊഴിലാളി സംഘടനകള്‍ വഴിയാണ് ഡ്രൈവര്‍മാരുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. വാട്ട്സ്ആപ് പോലുള്ള ആപ്ളിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഈ ആപ്ളിക്കേഷന്‍ പ്രവര്‍ത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.