കൊടുവള്ളി മുസ്ലിം ലീഗില്‍ വീണ്ടും അസ്വാരസ്യം

കൊടുവള്ളി: കൊടുവള്ളിയിലെ മുസ്ലിം ലീഗില്‍ നിലനിന്ന വിഭാഗീയ പ്രശ്നങ്ങള്‍ വീണ്ടും മറനീക്കി പുറത്തുവരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയും നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം വരുന്നതിന്‍െറ മുന്നോടിയായുള്ള പ്രവര്‍ത്തനപരിപാടികള്‍ നടന്നുവരുന്നതിനിടെയാണ് വീണ്ടും അസ്വാരസ്യങ്ങള്‍ പുകയുന്നത്. മണ്ഡലം കമ്മിറ്റി നേതൃത്വവും കൊടുവള്ളി നഗരസഭ നേതൃത്വവും തമ്മിലാണ് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നത്. നേതൃത്വങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ നിരവധി തവണ ജില്ലാ-സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ എത്തുകയും ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. ഓരോ തവണയും വിഭാഗീയ പ്രശ്നങ്ങള്‍ നീക്കിവെച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോവണമെന്ന് നേതൃത്വം ആവശ്യപ്പെടുകയും പ്രശ്നങ്ങള്‍ കെട്ടടങ്ങുകയുമാണുണ്ടാവാറ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് അഴിമതി ആരോപണവിധേയരായവര്‍ക്ക് സീറ്റുകള്‍ നല്‍കരുതെന്ന സംസ്ഥാന നേതൃത്വത്തിന്‍െറ നിര്‍ദേശമടങ്ങിയ കത്ത് മണ്ഡലം ജന. സെക്രട്ടറി കാരാട്ട് റസാഖ് പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് പാര്‍ട്ടിയിലുണ്ടായത്. കത്തിനെ അനുകൂലിച്ചും എതിര്‍ത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ ജില്ല-സംസ്ഥാന നേതൃത്വം പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ പ്രചാരണാര്‍ഥം കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കേരളയാത്ര കണ്‍വെന്‍ഷനിലും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ പരിപാടിയില്‍നിന്ന് നഗരസഭ കമ്മിറ്റി വിട്ടുനിന്നതാണ് വീണ്ടും ചര്‍ച്ചയാവുന്നത്. പാര്‍ട്ടി നേതൃത്വത്തിന്‍െറ നിര്‍ദേശപ്രകാരം നടന്ന പരിപാടിയില്‍ ജില്ലാ നേതാക്കളും എം.എല്‍.എമാരും പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമെല്ലാം പങ്കെടുത്തപ്പോള്‍ നഗരസഭ കമ്മിറ്റിയില്‍നിന്ന് ആരും പങ്കെടുക്കാതെ വിട്ടുനിന്നതായാണ് ആക്ഷേപം. മണ്ഡലം കമ്മിറ്റിയോട് അടുപ്പമുള്ള ചില കൗണ്‍സിലര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. പരിപാടിയുടെ ക്ഷണക്കത്ത് എല്ലാവര്‍ക്കും നല്‍കിയതാണെന്നും എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് കൗണ്‍സിലര്‍മാരെയും മറ്റു ഭാരവാഹികളെയും അറിയിച്ച് നഗരസഭ നേതൃത്വം വിലക്കുകയാണുണ്ടായതെന്നുമാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് പാര്‍ട്ടി അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് നഗരസഭ നേതൃത്വം വീണ്ടും ശ്രമിക്കുന്നതെന്നുമാണ് ഇവര്‍ ഉന്നയിച്ചത്. പ്രാദേശികതലംവരെ പോഷകസംഘടനകളിലടക്കം വിഭാഗീയത പ്രകടമാണെന്നും ഇത് പാര്‍ട്ടിക്ക് ദോഷമാണ് വരുത്തിവെക്കുകയെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. കടുത്ത വിഭാഗീയത ഉടലെടുത്ത കൊടുവള്ളിയില്‍ കേരളയാത്രയുടെ സ്വീകരണമൊരുക്കിയതും ചര്‍ച്ചയായിട്ടുണ്ട്. സ്വീകരണകേന്ദ്രം മണ്ഡലത്തിലെ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍, മണ്ഡലം കമ്മിറ്റി നടത്തിയതായി പറയുന്ന പരിപാടി സംബന്ധിച്ച് നഗരസഭ കമ്മിറ്റിക്ക് അറിയില്ളെന്നും കേരളയാത്രയുടെ സ്വീകരണ പരിപാടിയിലാണ് കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കേണ്ടതെന്ന് ജില്ലാ നേതൃത്വം അറിയിച്ചതെന്നും നഗരസഭ നേതൃത്വവും പറയുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലം നേതൃത്വത്തിലിരിക്കുന്നവര്‍ ഗ്രൂപ് തര്‍ക്കത്തിന്‍െറ പേരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രവര്‍ത്തകര്‍തന്നെ കൈയൊഴിയുന്ന രംഗമാണ് വരുംദിവസങ്ങളില്‍ കാണാനിരിക്കുന്നതെന്നും നഗരസഭ കമ്മിറ്റിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.