മാധ്യമപ്രവര്‍ത്തകന്‍െറ അറസ്റ്റ്: കമീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച്

കോഴിക്കോട്: ചുംബനത്തെരുവ് സമരത്തിനിടെ പൊലീസ് അറസ്റ്റ്ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പി. അനീബിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മാധ്യമ ബഹുജന കൂട്ടായ്മ കമീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. അനീബിനെ മോചിപ്പിക്കുക, കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമുപേക്ഷിക്കുക, കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കമീഷണര്‍ ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. ചുംബനത്തെരുവ് പരിപാടിക്കിടെ സ്ഥലത്തുണ്ടായിരുന്ന സിറ്റി പൊലീസ് കമീഷണര്‍ സംഘ്പരിവാരത്തെ കയറൂരിവിടുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. യൂനിഫോമിട്ട പൊലീസുകാരനെ എതിരിട്ടാലാണ് കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തലാവുന്നുള്ളൂവെന്നും എണ്ണത്തില്‍ കുറവുള്ള ഹനുമാന്‍സേനക്കാരെ സഹായിക്കാനായി മഫ്തിയിലുള്ള പൊലീസുകാരെ അയച്ചുകൊടുത്തതാരാണെന്നും പത്രപ്രവര്‍ത്തകന്‍ കെ.എസ്. ഹരിഹരന്‍ ചോദിച്ചു. കേരള പൊലീസ് സംഘ്പരിവാരത്തിന്‍െറ ഏജന്‍സിയായി അധപ്പതിച്ചിരിക്കുകയാണെന്ന് തേജസ് എഡിറ്റര്‍ എന്‍.പി. ചെക്കുട്ടി ചൂണ്ടിക്കാട്ടി. കെ.യു.ഡബ്യു.ജെ ജില്ലാ വൈസ് പ്രസിഡന്‍റ് റഫീഖ് റമദാന്‍ അധ്യക്ഷത വഹിച്ചു. തേജസ് അസി. എഡിറ്റര്‍ പി. അഹ്മദ് ശരീഫ്, കെ.എസ്. ഹരിഹരന്‍, എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്‍റ് വിളയോടി ശിവന്‍കുട്ടി, കോളമിസ്റ്റ് കെ.പി. വിജയകുമാര്‍, കെ.പി.ഒ. റഹ്മത്തുല്ല, ആബിദ്, പ്രേം മുരളി എന്നിവര്‍ സംസാരിച്ചു. എന്‍.പി. ചെക്കുട്ടിയുടെ നേതൃത്വത്തില്‍ കമീഷണര്‍ക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.