കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ഷോപ്പിങ് സെന്‍ററുകളുടെ ടെന്‍ഡര്‍ നടപടികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാവും. അഞ്ച് കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം ബോര്‍ഡ് മീറ്റിങ് കൂടുന്നതോടെ ഇവരില്‍ ഒരാള്‍ക്ക് ടെന്‍ഡര്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും കെ.ടി.ഡി.എഫ്.സി ചീഫ് എന്‍ജിനീയര്‍ ഇഖ്ബാല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കോഴിക്കോട്ടെ ഒരു കോഓപറേറ്റീവ് സൊസൈറ്റിയടക്കം അഞ്ചു കമ്പനികളാണ് ടെന്‍ഡര്‍ നടപടികളില്‍ പങ്കാളിയായത്. അമ്പത് കോടി ഡെപ്പോസിറ്റും പ്രതിമാസം അമ്പത് ലക്ഷം വാടകയുമാണ് ഏറ്റവും അധികം ലഭിച്ച ഓഫര്‍. ബോര്‍ഡ് മീറ്റിങ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമാകുമെന്ന് ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. 70 കോടിച്ചെലവിലാണ് രണ്ട് ബ്ളോക്കുകളിലായി ബസ് ടെര്‍മിനല്‍ പൂര്‍ത്തിയായത്. 2015 ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തുറന്നുകൊടുത്തത്. പത്ത് നിലകളുള്ളതാണ് മെയിന്‍ ബ്ളോക്. ആകെ 3,89,000 ചതുരശ്രയടിയുള്ള കെട്ടിടത്തിന്‍െറ 2,18,716.23 ചതുരശ്രയടിയാണ് വ്യാപാര ആവശ്യത്തിന് നല്‍കുന്നത്. ലോവര്‍ ഗ്രൗണ്ടില്‍ 48,720 അടിയും ഗ്രൗണ്ട് ഫ്ളോറില്‍ 399 ചതുരശ്രയടിയും നാല് മുതല്‍ ഒമ്പത് വരെയുള്ള നിലകളില്‍ 16,450 ചതുരശ്രയടിയും രണ്ട്, മൂന്ന് നിലയില്‍ 19,692 ചതുരശ്രയടിയുമാണ് വ്യാപാര ആവശ്യത്തിന് നല്‍കുന്നത്. ജൂണില്‍ ഉദ്ഘാടനത്തിന് തൊട്ടുടനെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും ഒന്നിച്ചുള്ള ടെന്‍ഡറിന് ആരും എത്താത്തതിനെ തുടര്‍ന്ന് നവംബറില്‍ നിബന്ധനകള്‍ക്ക് ഇളവു വരുത്തി വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുകയായിരുന്നു. മേയ് വരെയാണ് കാലാവധി. ഇതിനിടെ, മൊത്തം ടെന്‍ഡര്‍ തുക സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ടെര്‍മിനല്‍ ഇപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സിക്ക് കൈമാറാം എന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ല. ടെന്‍ഡര്‍ നടപടികള്‍ വന്‍കിടക്കാര്‍ക്ക് മാത്രം യോജിക്കുന്നതാകയാല്‍ കോഴിക്കോട്ടെ ചെറുകിട സംരംഭകര്‍ തഴയപ്പെടും എന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇക്കാരണത്താല്‍, കാന്‍റീന്‍ അടക്കമുള്ളവ വെവ്വേറെ സംരംഭകര്‍ക്ക് നല്‍കണമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഒരാള്‍ക്ക് മാത്രമേ ടെന്‍ഡര്‍ നല്‍കൂ എന്ന നിലപാടിലാണ് കെ.ടി.ഡി.എഫ്.സി അധികൃതര്‍. വെവ്വേറെ പേര്‍ക്ക് കരാര്‍ നല്‍കുന്നത് വാടക പിരിക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് പ്രയാസമാവും എന്നാണ് അധികൃതരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.