ചേളന്നൂര്‍: പേപ്പട്ടിയുടെ ആക്രമണത്തില്‍ എട്ടുമാസം ഗര്‍ഭിണിയായ പശു പേയിളകി ചത്തു. കാക്കൂര്‍ പൊലീസ് സ്റ്റേഷനു സമീപം ഒമ്പതേ അഞ്ചിലുള്ള വീട്ടിലെ പശുവാണ് ചത്തത്. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ കടിച്ചെന്ന സംശയമുള്ളതിനാല്‍ സമീപത്തെ വീട്ടിലെ മൃഗങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തു. രാത്രിയിലും മറ്റും പേപ്പട്ടി വന്ന് വളര്‍ത്തുമൃഗങ്ങളെ കടിച്ചുപോകുന്നത് ഈ ഭാഗത്ത് പതിവാവുകയാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇവയുടെ കടിയേല്‍ക്കുന്നത് വീട്ടുകാര്‍ അറിയാത്തതിനാല്‍ കൃത്യസമയത്ത് പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല. മൃഗങ്ങള്‍ ദയനീയമായി പേയിളകി ചാവുമ്പോഴാണ് പേപ്പട്ടിയുടെ കടിയേറ്റ വിവരം മിക്കപ്പോഴും അറിയുന്നത്. തെരുവുനായ്ക്കള്‍ക്ക് പേപ്പട്ടിയുടെ കടിയേല്‍ക്കുന്നത് പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇവ മറ്റു നായ്ക്കളിലേക്കും പേവിഷബാധ പടര്‍ത്തുന്നു. കുറച്ചുകാലത്തേക്ക് ശല്യം കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും നാട്ടുകാരില്‍ ഭീതിപടര്‍ത്തിയിട്ടുണ്ട്. നേരത്തെ നിരവധി വീടുകളിലെ ആടുകളും കോഴികളും ആക്രമണത്തിനിരയായിട്ടുണ്ട്. കുടുംബശ്രീ വഴി ലോണെടുത്തും മറ്റും വാങ്ങിയ ഇവ ചത്തൊടുങ്ങുമ്പോള്‍ വന്‍നഷ്ടമാണ് ഉടമസ്ഥര്‍ക്കുണ്ടാകുന്നത്. തെരുവുനായ്ക്കള്‍ റോഡിനുകുറുകെ ഓടുന്നത് ഇരുചക്രവാഹന യാത്രിക്കാര്‍ അപകടത്തില്‍പെടുന്നതിനിടയാക്കുന്നു. അറവുമാലിന്യങ്ങള്‍ റോഡരികിലും മറ്റും നിക്ഷേപിക്കുന്നതാണ് നായ്ക്കളുടെ ശല്യം വര്‍ധിക്കാനിടയാക്കുന്നത്. രാത്രിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഒഴിഞ്ഞ പറമ്പുകളും പീടികമുറികളുമാണ് ഇവയുടെ പ്രധാന താവളം. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് പഞ്ചായത്ത് വിപുല പദ്ധതി തയാറാക്കാന്‍ തുടങ്ങിയതായി പ്രസിഡന്‍റ് ടി. വത്സല പറഞ്ഞു. ആദ്യപടിയായി 21 വാര്‍ഡുകളിലും ജനുവരി എട്ടിനും കുടുംബശ്രീ, റെസിഡന്‍റ്സ് അസോസിയേഷന്‍, സ്വയംസഹായ സംഘങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് വാര്‍ഡ് മെംബര്‍മാര്‍ ചെയര്‍മാന്മാരായി ജനകീയസമിതികള്‍ രൂപവത്കരിക്കും. തുടര്‍ന്ന് പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ആളുകളെ ഉപയോഗപ്പെടുത്തി അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലുകയും ഭാവിയില്‍ ആരോഗ്യഭീഷണി ഉണ്ടാവാത്ത തരത്തില്‍ കുഴിച്ചുമൂടുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ട തുക സമിതികള്‍ മുഖേന സമാഹരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.