പ്രദേശത്ത് സംഘര്‍ഷത്തിന് ശ്രമം

നാദാപുരം: തൂണേരി വെള്ളൂര്‍ കൊലപാതകത്തിനും വീടാക്രമണ സംഭവങ്ങള്‍ക്കും ഒരുവര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടാക്കാന്‍ ശ്രമം. തൂണേരി വീടാക്രമണങ്ങളുടെയും വാഹനങ്ങളും വീടുകളും തീവെച്ച് നശിപ്പിച്ചതിന്‍െറയും ദൃശ്യങ്ങളടങ്ങിയ സീഡികള്‍ പ്രദേശത്ത് പ്രചരിപ്പിച്ചത് പൊലീസ് പിടികൂടി. തൂണേരി, ഇരിങ്ങണ്ണൂര്‍ ഭാഗങ്ങളിലെ ഏതാനും വീടുകളിലാണ് സീഡികള്‍ എത്തിച്ചത്. രാത്രി അജ്ഞാതരത്തെി വീടുകളുടെ വരാന്തയില്‍ സീഡികള്‍ കൊണ്ടിടുകയായിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പൊലീസത്തെി സീഡികള്‍ കസ്റ്റഡിയിലെടുത്തു. സീഡിയില്‍ വീടുകളും വാഹനങ്ങളും കത്തിച്ചതിന്‍െറ ദൃശ്യങ്ങളാണുള്ളതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സീഡി വിതരണം ചെയ്ത സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ജനുവരി 22നാണ് തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സി.കെ. ഷിബിന്‍ കൊല്ലപ്പെട്ടത്. ഇതിലെ പ്രതികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തിന്‍െറ തുടര്‍ച്ചയായി ജനുവരി 23ന് തൂണേരി വെള്ളൂരില്‍ വ്യാപക വീടാക്രമണവും വീട് തീവെപ്പും കൊള്ളയും അരങ്ങേറി. നൂറോളം വീടുകളാണ് ചുട്ടെരിച്ചത്. പ്രദേശത്ത് സമാധാനം തിരിച്ചുകൊണ്ടുവരുന്നതിന്‍െറ ഭാഗമായി കൊല്ലപ്പെട്ട ഷിബിന്‍െറ കുടുംബത്തിനും വീടുകള്‍ തീവെച്ച് നശിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കൊല്ലപ്പെട്ട ഷിബിന്‍െറ ഒന്നാം ചരമവാര്‍ഷികം 22ന് തൂണേരിയില്‍ നടക്കുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി ഉദ്ഘാടനം ചെയ്യും. 23ന് മുസ്ലിം ലീഗിന്‍െറ ആഭിമുഖ്യത്തില്‍ വീടാക്രമണത്തിന്‍െറ അനുസ്മരണം സംഘടിപ്പിക്കാനും നീക്കമുണ്ട്. രണ്ടു പരിപാടികളും ക്രമസമാധാന പ്രശ്നമുണ്ടാക്കുമോ എന്നാണ് ആശങ്ക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.