വിലത്തകര്‍ച്ചക്കിടയില്‍ നഷ്ടപ്രതാപമായി വീണ്ടും കുറ്റ്യാടിച്ചന്ത

കുറ്റ്യാടി: കുറ്റ്യാടിയിലെ പുതുവത്സരാഘോഷമായ ചന്തയുടെ വരവ് ഇത്തവണ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചക്കിടയില്‍. തേങ്ങയും അടക്കയും കുരുമുളകും വിറ്റ പണവുമായി ആദ്യകാലങ്ങളില്‍ ആളുകള്‍ കാത്തിരിക്കുന്ന ആഘോഷമാണിത്. വടക്കേ മലബാറിലെ പ്രധാന ആഘോഷങ്ങളിലൊന്നായ കുറ്റ്യാടിച്ചന്തയില്‍ അയല്‍ ജില്ലകളില്‍നിന്ന് വ്യാപാരികളടക്കം നിരവധി പേര്‍ സന്ദര്‍ശകരായി എത്തും. ഇപ്പോള്‍ വിനോദത്തിനു മാത്രമാണ് ചന്ത. മുമ്പ് കര്‍ഷകര്‍ക്കും കുടില്‍ വ്യവസായികള്‍ക്കും ഇടനിലക്കാരില്ലാതെ അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വേദിയായിരുന്നു ചന്ത. തേങ്ങക്ക് അഞ്ചുകൊല്ലം മുമ്പത്തെ വിലയാണിപ്പോള്‍. പൊതിച്ച തേങ്ങ കിലോക്ക് 18 രൂപ. കഴിഞ്ഞ വര്‍ഷം ആദ്യം 28 രൂപ വരെ ലഭിച്ചതാണ്. ഇപ്പോള്‍ കൂലിച്ചെലവു കഴിച്ച് ഒരു നാളികരത്തിന് കിട്ടുന്നത് അഞ്ചോ ആറോ രൂപ. പച്ചത്തേങ്ങ വില്‍ക്കാതെ അട്ടത്തിട്ട് ഉണക്കിയാലും രക്ഷയില്ല. ഉണ്ടക്കൊപ്രക്കും വില കുത്തനെ ഇടിഞ്ഞു-ക്വിന്‍റലിന് 12,000 രൂപ. കഴിഞ്ഞ വര്‍ഷം 22,000 രൂപ വരെ കിട്ടിയതാണ്. കുരുമുളകിനും ഇടിവാണ്. കഴിഞ്ഞവര്‍ഷം കിലോക്ക് 750 രൂപയുണ്ടായിരുന്നത് 570 ആയി കുറഞ്ഞു. ദ്രുതവാട്ടവും മറ്റു രോഗങ്ങളാലും മുളകുവള്ളികള്‍ ഭൂരിപക്ഷവും നശിച്ചുപോയി. അവശേഷിച്ചത് വില്‍ക്കുമ്പോള്‍ വിലയും കുറയുന്നു. എങ്കിലും ഗ്രാമപഞ്ചായത്തിന് ചന്ത വലിയ വരുമാന മാര്‍ഗമാണ്. ഇത്തവണ 11 ലക്ഷത്തിനാണ് നടത്തിപ്പ് ലേലംചെയ്തത്. കഴിഞ്ഞ വര്‍ഷം 7.90 ലക്ഷമായിരുന്നു. അതിനുമുമ്പ് 4.65 ലക്ഷമാണ് കിട്ടിയത്. നേരത്തേ കന്നുകാലിച്ചന്ത കൂടിയായിരുന്നത് ഇപ്പോള്‍ വെറും ചന്തയായി. വയലുകളില്ലാതായതോടെ ഉഴവുകാളകള്‍ക്കും ആവശ്യക്കാരില്ലാത്തതാണ് ചന്തയില്‍ കാളകള്‍ ഇല്ലാതാവാന്‍ കാരണം. നാട്ടിലെ ആഘോഷമായതിനാല്‍ വായ്പ വാങ്ങിയായാലും ആളുകള്‍ കുട്ടികളുമായി ചന്തയിലത്തെും. ജനുവരിയായാല്‍ മിക്ക വീടുകളിലും ‘ചന്തക്കോള്’ ഉണ്ടാവും. ഹല്‍വയും പൊരിയുമാണത്. വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ഹല്‍വ വ്യാപാരികള്‍ വരും. ചന്ത തുടങ്ങിയതോടെ പരസ്യ പ്രക്ഷേപണങ്ങളും മറ്റുമായി ടൗണ്‍ ശബ്ദമുഖരിതമാണ്. ഗതാഗതക്കുരുക്കും വന്‍തോതില്‍ വര്‍ധിച്ചു. ചന്തയുടെ അവസാന നാളുകളിലാണ് ടൗണിനു സമീപമുള്ള നടോല്‍ മുത്തപ്പന്‍ ക്ഷേത്രത്തിലെ തിറയുത്സവം. മുമ്പ് ഈ ഉത്സവത്തിന്‍െറ പേരിലാണ് കുറ്റ്യാടി പഞ്ചായത്തിന് ചന്ത അനുവദിച്ചത്. ഇപ്പോള്‍ കായക്കൊടി പഞ്ചായത്തിലാണ് നടോല്‍ ക്ഷേത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.