നഗരപാത നവീകരണത്തിന് 8.65 കോടിയുടെ ഭരണാനുമതി

കോഴിക്കോട്: സൗത് മണ്ഡലത്തില്‍ നഗര റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് 8.65 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. മാങ്കാവ്-കോട്ടൂളി റോഡിന് 3.5 കോടിയുടെയും പാളയം-ജയില്‍ റോഡിന് രണ്ടു കോടിയുടെയും മേലെപാളയം-പാളയം സബ്വേ റോഡിന് 1.5 കോടിയുടെയും പ്രവൃത്തിക്കാണ് ഭരണാനുമതി. പൊതുമരാമത്ത് വകുപ്പിന്‍െറ ഒറ്റത്തവണ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണാശ്ശേരി വാളപ്പുറം എന്‍.വി. അവറാന്‍കുട്ടി ഹാജി റോഡിന് 50 ലക്ഷം രൂപ, പന്നിയങ്കര പഴയ ഇലക്ട്രിക് കമ്പനി മുതല്‍ വി.കെ. കൃഷ്ണമേനോന്‍ റോഡ് വരെ നവീകരിക്കുന്നതിന് 25 ലക്ഷം, വെസ്റ്റ് മാങ്കാവ്-തിരുവണ്ണൂര്‍ ക്ഷേത്രം-മിനി ബൈപാസ് റോഡിന് 25 ലക്ഷം, കോവൂര്‍-പാലാഴി റോഡിന് 25 ലക്ഷം, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിന് 25 ലക്ഷം, റെയില്‍വേ സ്റ്റേഷന്‍ റോഡിന് 15 ലക്ഷം എന്നിങ്ങനെയും ഭരണാനുമതി ലഭിച്ചു. നേരത്തേ ഒറ്റത്തവണ പരിപാലന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പ്രത്യേക പാക്കേജിന്‍െറ ഭാഗമായി അനുവദിച്ച എട്ടു കോടി രൂപ ചെലവില്‍ പ്രവൃത്തിയാരംഭിച്ച ചാലപ്പുറം, പുതിയപാലം വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പുതിയപാലം-ചാലപ്പുറം-ഈസ്റ്റ് കല്ലായി റോഡ്, പുതിയപാലം-മൂര്യാട് റോഡ്, ചിന്താവളപ്പ്-ചാലപ്പുറം-പി.വി. സ്വാമി റോഡ്, പുതിയറ-ജയില്‍ റോഡ് ചിന്താവളപ്പ് എന്നീ റോഡുകളുടെ നവീകരണ പ്രവൃത്തി ദ്രുതഗതിയില്‍ നടന്നുവരുകയാണ്. ഈ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. കേരള സുസ്ഥിര വികസന പദ്ധതിയുടെ പ്രവൃത്തി നടന്നതിനാലാണ് ഈ റോഡുകളുടെ നവീകരണം വൈകിയത്. ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.