മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് : സാങ്കേതിക കുരുക്കഴിഞ്ഞു; 29 കോടി അക്കൗണ്ടിലേക്ക്

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് രണ്ടാംഘട്ടമായി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച 29 കോടി രൂപയുടെ ഫണ്ട് റിലീസ് ചെയ്തു. റോഡ് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സമരപ്പന്തലില്‍ എം.കെ. രാഘവന്‍ എം.പി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബര്‍ 30ന് 29 കോടി രൂപകൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതില്‍ 25 കോടി രൂപയാണ് റോഡ് വികസനത്തിന് രണ്ടാംഘട്ടമായി വകയിരുത്തിയത്. സര്‍ക്കാറിന്‍െറ സ്ഥലം റോഡിന് വിട്ടുനല്‍കുമ്പോള്‍ ട്രഷറി ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഓഫിസുകളെ മതില്‍കെട്ടി സംരക്ഷിക്കാനായിരുന്നു നാലു കോടി രൂപ അനുവദിച്ചത്. സെപ്റ്റംബറിലെ കാബിനറ്റ് യോഗത്തില്‍ അഡീഷനല്‍ അജണ്ടയായി 29 കോടി രൂപകൂടി അനുവദിക്കുകയും ഒക്ടോബര്‍ ഒന്നിന് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളില്‍ കുടുങ്ങി ഫണ്ട് റിലീസ് ചെയ്തിരുന്നില്ല. ഒക്ടോബര്‍ 31ന് ബജറ്റിലെ ഹെഡ് ഓഫ് അക്കൗണ്ടില്‍ മാറ്റംവരുത്തി ഉത്തരവ് പുതുക്കി ഇറക്കുകയായിരുന്നു. ഫണ്ട് ലഭ്യമാകാനുള്ള സാങ്കേതിക തടസ്സമാണ് ധനകാര്യ മന്ത്രാലയമുള്‍പ്പെടെയുള്ള ഭരണകേന്ദ്രങ്ങളുമായി എം.പി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇപ്പോള്‍ നീങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.