മോഷണശ്രമത്തിനിടെ കൊലക്കേസ് പ്രതി പിടിയില്‍

കോഴിക്കോട്: മോഷണശ്രമത്തിനിടെ കൊലക്കേസ് പ്രതി പിടിയിലായി. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 30ഓളം കവര്‍ച്ച നടത്തിയ കാളികാവ് സ്വദേശി ബഷീര്‍ എന്ന ചെമ്മല ബഷീറാണ് (36) ചേവായൂര്‍ പൊലീസ് പിടിയിലായത്. ചേവായൂരില്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ മൊബൈല്‍ ഷോപ്പ് കുത്തിത്തുറക്കുന്നതിനിടെയാണ് പിടിയിലായത്. പ്രതിയില്‍നിന്ന് സ്വര്‍ണവും ഭവനഭേദനത്തിനുള്ള ആയുധങ്ങളും പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളില്‍ കളവ് നടത്തി വില്‍പന നടത്തിയതിന്‍െറ വിവരങ്ങളും ലഭിച്ചു. 2008ല്‍ കോഴിക്കോട് ബീച്ചില്‍ മോയിന്‍കുട്ടി എന്ന മോദിയെ പണസംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി കടലില്‍ തള്ളിയശേഷം സ്ഥലത്തുനിന്ന് മുങ്ങിയതാണെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഈ കേസ് ഡി.സി.ആര്‍.ബി അസി. കമീഷണര്‍ പൃഥ്വിരാജ് അന്വേഷിക്കുകയായിരുന്നു. പകല്‍ ആളുള്ളതും ഇല്ലാത്തതുമായ വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം നടത്തുകയാണ് രീതി. ജനല്‍കുറ്റി ഇളക്കി വാതിലിന്‍െറ ടവര്‍ബോള്‍ട്ട് മാറ്റിയും പാരയോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് വാതില്‍ പൊളിച്ചും ജനല്‍കമ്പി വളച്ചും എക്സോസ്റ്റ് ഫാന്‍ ഇളക്കിമാറ്റിയുമാണ് വീടിനകത്ത് കടക്കുന്നത്. എല്ലാ മോഷണവും ഒറ്റക്കാണ് നടത്താറ്. വീടിനകത്ത് കയറി ഷെല്‍ഫുകള്‍, അലമാരകള്‍ തുടങ്ങിയവയുടെ പൂട്ട് പൊട്ടിക്കുന്നതും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാതിലും കാലിലും മറ്റും കിടക്കുന്ന ആഭരണങ്ങള്‍ അഴിച്ചെടുക്കുന്നതും ഇയാളുടെ രീതിയാണ്. മോഷ്ടിച്ച പണമുപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയും മദ്യം, മയക്കുമരുന്ന് തുടങ്ങിയവക്കായി ചെലവഴിക്കുകയുമാണ് രീതി. നാല് പ്രാവശ്യമായി അഞ്ചു വര്‍ഷത്തോളം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 2015 മാര്‍ച്ചിലാണ് അവസാനമായി ജയിലില്‍നിന്നിറങ്ങിയത്. കോഴിക്കോട് കസബ, നടക്കാവ്, മെഡിക്കല്‍കോളജ്, ഷൊര്‍ണൂര്‍, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍പെട്ട സിവില്‍ സ്റ്റേഷനടുത്തുള്ള വീട്ടില്‍ താമസിക്കുന്ന ഒരു ജീവനക്കാരി ഉറങ്ങിക്കിടക്കവെ കഴുത്തില്‍നിന്ന് മാലപൊട്ടിച്ചു. പുതിയറ ജയില്‍റോഡിന് സമീപം വീട് പൊളിച്ച് സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസിലും ഫറോക്കില്‍ ഡോക്ടറുടെ വീട് പൊളിച്ച് പണവും എ.ടി.എം കാര്‍ഡും കവര്‍ന്ന കേസിലും പുതിയറയിലെ വീട്ടില്‍നിന്ന് ഗോള്‍ഡ് മെഡലുകളും പണവും കവര്‍ന്ന കേസിലും പ്രതിയാണ് ഇയാള്‍. പാലക്കാട് ആരോമ തിയറ്ററിന് സമീപമുള്ള വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവര്‍ന്നു. കല്ലായി റോഡിലെ ഒരു വീട്ടില്‍നിന്ന് നാലു കിലോ വെള്ളി കവര്‍ന്നിട്ടുണ്ട്. ചേവായൂര്‍ സി.ഐ എ.വി. ജോണ്‍, ചേവായൂര്‍ എസ്.ഐ ഷാജഹാന്‍, ഷാഡോ പൊലീസ് അംഗങ്ങളായ ഇ. മനോജ്, മുഹമ്മദ് ഷാഫി, സജി, അബ്ദുറഹ്മാന്‍, രണ്‍ധീര്‍, സുനില്‍കുമാര്‍, സുജിത്ത്, ശ്രീകാന്ത്, അഖിലേഷ്, പ്രമോദ്, സുജേഷ്, മുഹമ്മദ് ആഷിഖ്, കൃഷ്ണകുമാര്‍, ബാബു മണാശ്ശേരി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.