കുടിവെള്ളക്ഷാമം: ജില്ല ജലജന്യരോഗ ഭീഷണിയില്‍

കോഴിക്കോട്: വേനല്‍ക്കാലമാവുകയും കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്തിരിക്കെ ജില്ല ജലജന്യരോഗ ഭീഷണിയില്‍. 2015ല്‍ ജലജന്യരോഗ വ്യാപനത്തില്‍ സംസ്ഥാനത്തുതന്നെ ശ്രദ്ധനേടിയ ജില്ലയായിരുന്നു കോഴിക്കോട്. എന്നാല്‍, ഇതുവരെ സുരക്ഷാനടപടികള്‍ ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം 559 ഡെങ്കിപ്പനി കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് തിരുവനന്തപുരത്തിന് തൊട്ടുതാഴെയായിരുന്നു ഇത്. 108 മലേറിയ കേസുകള്‍ കണ്ടത്തെിയതില്‍ ഒരാള്‍ മരിച്ചു. 135 ഹെപറ്റൈറ്റിസ് എയും 72 ഹെപറ്റെറ്റിസ് ബിയും കണ്ടത്തെി. ഇതിലും ഒരാള്‍ മരിച്ചു. 107 ടൈഫോയ്ഡും കണ്ടത്തെി. വയറിളക്കം ബാധിച്ച് 47,623 പേരാണ് ആശുപത്രികളില്‍ എത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആദ്യത്തില്‍തന്നെ ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഇക്കുറി ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല. ജലസ്രോതസ്സുകളുടെ മലിനാവസ്ഥയാണ് ജില്ലയില്‍ മഞ്ഞപ്പിത്ത, വയറിളക്ക രോഗങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് നേരത്തേ കണ്ടത്തെിയിരുന്നു. വൃത്തിഹീന സാഹചര്യങ്ങളില്‍ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങളും രോഗം പടരാന്‍ ഇടയാക്കുന്നു. കുടിവെള്ള സ്രോതസ്സുകളില്‍ പലതും കോളിഫോം ബാക്ടീരിയ അംശം കൂടുതലാണ്. ഐസ്, ഐസ്ക്രീം, ഉപ്പിലിട്ടവസ്തുക്കള്‍ എന്നിവയുടെ വ്യാപകമായ വില്‍പനയും ഭീഷണിപരത്തുന്നു. ബ്ളീച്ചിങ് പൗഡറിടുക, വെള്ളം ചൂടാക്കി കുടിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ ഉണ്ടാവുന്നില്ല. കോല്‍ ഐസുകളില്‍ മധുരത്തിനും പെട്ടെന്ന് അലിയാതിരിക്കാനും ഡള്‍സിന്‍ എന്ന രാസവസ്തു ചേര്‍ക്കുന്നതായി പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. ഇത് മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. ഉപ്പിലിട്ട വസ്തുക്കള്‍ കേടുവരാതിരിക്കാന്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡുവരെ ചേര്‍ക്കുന്നുണ്ട്. കുടിവെള്ളം വില്‍പനച്ചരക്കായതോടെ ഇതിന്‍െറ ഏറ്റവുംവലിയ ഇരകളാവുന്നത് ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നവരാണ്. അനധികൃതമായി പലയിടത്തും വെള്ള വില്‍പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്യുന്നതോടെ കുളം, പുഴ തുടങ്ങിയ സ്രോതസ്സുകളില്‍നിന്ന് കുടിവെള്ളമെന്നപേരില്‍ വെള്ളം ഹോട്ടലുകളില്‍ എത്തിക്കാറുണ്ട്. ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നതിനാല്‍ ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ വരുംമാസങ്ങളില്‍ അവഗണിക്കപ്പെടും എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.