കോഴിക്കോട്: ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായ വലിയങ്ങാടിയിലെയും പരിസരത്തെയും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ല. റെയില്‍വേ മേല്‍പാലത്തില്‍നിന്ന് വലിയങ്ങാടിയിലേക്ക് ഇറങ്ങുന്ന റോഡ്, ചെറൂട്ടി റോഡ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് റോഡ് ജങ്ഷന്‍, പൊലീസ് സ്റ്റേഷന്‍ പരിസരം തുടങ്ങി ദിവസവും ആയിരക്കണക്കിന് ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണിത്. വലിയങ്ങാടിയിലെ മൊത്തവ്യാപാരികളില്‍നിന്ന് സാധാനങ്ങള്‍ വാങ്ങി ഓട്ടോയിലോ മറ്റോ കൊണ്ടുപോകാനാകാത്ത അവസ്ഥയാണ്. ഈ സ്ഥലങ്ങളില്‍ തന്നെ മിനിലോറി, ഓട്ടോ സ്റ്റാന്‍ഡുകളുമുണ്ട്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ലോഡുമായി വലിയങ്ങാടിയില്‍നിന്ന് പുറത്തേക്കുപോകാന്‍ വാഹനഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡായതിനാല്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ളാറ്റ്ഫോമിലേക്ക് പോകാനുള്ളവര്‍ക്കും അവശ്യസമയങ്ങളില്‍ ഓട്ടോ കിട്ടാറില്ല. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ നഗരത്തിലെ മിക്ക റോഡുകളും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമ്പോഴാണ് നഗരസഭയുടെ മൂക്കിന്‍തുമ്പത്തെ പ്രധാന വ്യാപാരകേന്ദ്രത്തിലെ റോഡുകള്‍ക്ക് ഈ ശോച്യാവസ്ഥ. പൊതുമരാമത്ത് വകുപ്പിന്‍െറയും ഗ്രാമീണറോഡുകളുടെയും പുനരുദ്ധാരണത്തിനായി 713.11 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനിടയിലും നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാനൊരുങ്ങുകയാണ് നാട്ടുകാര്‍. കാലവര്‍ഷക്കെടുതിപോലുള്ള കാരണങ്ങളാല്‍ പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകളും സംസ്ഥാന, ജില്ലാ ഹൈവേകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. ഇതിനായി എക്സി. എന്‍ജിനീയര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരവും ജനപ്രതിനിധികളുടെ ആവശ്യപ്രകാരവും നോണ്‍ പ്ളാന്‍ഫണ്ടില്‍നിന്ന് വിവിധ പണികള്‍ക്കായി ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.