മുക്കം-കോഴിക്കോട് റൂട്ടില്‍ അപകടം വര്‍ധിക്കുന്നു

മുക്കം: മുക്കത്തുനിന്ന് കുന്ദമംഗലം വഴി കോഴിക്കോട്ടേക്കുള്ള സംസ്ഥാന പാതയില്‍ അപകടം പതിവായി. ട്രാഫിക് ക്രമീകരണ സംവിധാനങ്ങള്‍ കാര്യക്ഷമമല്ളെന്നും റോഡ് നിര്‍മാണത്തിലും ഘടനയിലും അശാസ്ത്രീയതയുണ്ടെന്നുമുള്ള പരാതി യാത്രക്കാര്‍ കാലങ്ങളായി ആരോപിക്കുന്നുണ്ടെങ്കിലും നടപടിയില്ല. മുക്കം അഗസ്ത്യന്‍മുഴിയില്‍നിന്ന് തുടങ്ങുന്ന റോഡില്‍ വാഹനങ്ങള്‍ മരണപ്പാച്ചിലാണ്. റോഡിലാവട്ടെ സീബ്രലൈനുകളോ സ്പീഡ് നിയന്ത്രിക്കാനാവശ്യമായ ട്രാഫിക് സിഗ്നലുകളോ ഒന്നുമില്ല. റോഡിലൊരിടത്തും വാഹനങ്ങള്‍ നിയമം ലംഘിച്ച് മറികടക്കുന്നത് തടയാനുള്ള മഞ്ഞ വരകളും ഇല്ല. വെസ്റ്റ് മണാശ്ശേരിയില്‍ കഴിഞ്ഞ ദിവസം കാര്‍ നിയന്ത്രണംവിട്ട് പ്ളസ് ടു വിദ്യാര്‍ഥി സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. മാസങ്ങള്‍ക്കു മുമ്പ് എന്‍.ഐ.ടി പരിസരത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. മണാശ്ശേരി മുതല്‍ വെസ്റ്റ് മണാശ്ശേരി വരെയുള്ള ഭാഗത്തു മാത്രം അടുത്തകാലത്തായി 10ലേറെ അപകടമുണ്ടായി. കട്ടാങ്ങല്‍ എന്‍.ഐ.ടി മുതല്‍ കുന്ദമംഗലം വരെ വാഹനങ്ങള്‍ അമിത വേഗത്തിലാണ്. വളവും തിരിവും ഏറെയുള്ള റോഡില്‍ മരണപ്പാച്ചില്‍ നിയന്ത്രിക്കാനുള്ള സംവിധാനം കാര്യക്ഷമമല്ല. അതോടൊപ്പം പലയിടത്തും റോഡിന് ആവശ്യമായ വീതിയുമില്ല. എതിരെ വരുന്ന വാഹനങ്ങളെ വീക്ഷിക്കുന്നതായി വലിയ കണ്ണാടികള്‍ സ്ഥാപിച്ചിരുന്നതും ഇപ്പോയില്ല. സ്പീഡ് നിയന്ത്രണ സംവിധാനങ്ങളും ട്രാഫിക് നിയമങ്ങളും കാര്യക്ഷമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.