കോഴിക്കോട് അബ്ദുല്‍ ഖാദറിനെ ഓര്‍ത്ത് വീണ്ടും നഗരം

കോഴിക്കോട്: ടൗണ്‍ഹാളിന് പുറത്ത് ഓട്ടംപോകാന്‍ ചോദിച്ചപ്പോള്‍ ഓട്ടോക്കാരന് അല്‍പം മടി. ഹാളിനകത്ത് മലയാളത്തിന്‍െറ ഇഷ്ടഗാനങ്ങളുടെ സ്വരമാധുരി മുഴങ്ങുന്നു. ഒ.എന്‍.വിയുടെയും പി. ഭാസ്കരന്‍െറയും വരികള്‍ സലീല്‍ ചൗധരിയുടെയും രാഘവന്‍ മാസ്റ്ററുടെയും ബാബുരാജിന്‍െറയും സംഗീതത്തിന്‍െറ ഗരിമയില്‍ അന്തരീക്ഷത്തെ ആവേശംകൊള്ളിക്കുന്നു. ‘എനിക്ക് അല്‍പംകൂടി പാട്ട് കേള്‍ക്കണമെന്നുണ്ടായിരുന്നു. എങ്കിലും എന്‍െറ പണിയല്ളേ, നമുക്ക് പോകാം.’ അത്രയേറെ സംഗീതം വായുവില്‍ അലിഞ്ഞ കോഴിക്കോടിന്‍െറ മണ്ണ് വീണ്ടും സ്വന്തം ഗായകന്‍ കോഴിക്കോട് അബ്ദുല്‍ ഖാദറിനെ ഓര്‍ത്തു, അദ്ദേഹത്തിന്‍െറ നിഴലായിരുന്ന കീബോര്‍ഡ് ആര്‍ടിസ്റ്റ് എം. ഹരിദാസിനെ ആദരിച്ചുകൊണ്ട്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്‍റ 39ാം ചരമ വാര്‍ഷിക ദിനമായിരുന്നു തിങ്കളാഴ്ച. മതരംഗത്തോ രാഷ്ട്രീയരംഗത്തോ ഉള്ളവര്‍ക്ക് കിട്ടുന്ന പതിഗണന പോലും രംഗത്തുനിന്ന് അസ്തമിച്ചാല്‍ കലാകാരന്മാര്‍ക്ക് സമൂഹം നല്‍കുന്നില്ളെന്ന് ഉദ്ഘാടകനായ മേയര്‍ വി.കെ.സി മമ്മദ് കോയ പറഞ്ഞു. കോഴിക്കോട് അബ്ദുല്‍ ഖാദറിന്‍െറ ജീവിതത്തിന്‍െറ അവസാന കാലത്ത് ഇടപെട്ടയാള്‍ എന്ന നിലക്ക്, അവരുടെ പരിതാപകരമായ അവസ്ഥ എനിക്ക് നന്നായി അറിയാം. കലാപരിപാടികള്‍ എല്ലാം ഇപ്പോള്‍ ചാനലുകള്‍ ഏറ്റെടുത്തിരിക്കയാണെന്നും ജനങ്ങള്‍ക്ക് ചാനലുകളിലെ പരിപാടികളോട് ഒരകലമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം. ഹരിദാസന് ചടങ്ങില്‍ അവാര്‍ഡ് കൈമാറി. ഡോ. ഫസല്‍ ഗഫൂര്‍ പൊന്നാട അണിയിച്ചു. എം. ഹരിദാസിനെപ്പോലുള്ള കീബോര്‍ഡ് ആര്‍ട്ടിസ്റ്റുകള്‍ ഇല്ലായിരുന്നെങ്കില്‍ മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍ തുടങ്ങിയ വലിയ ഗായകര്‍ കോഴിക്കോട്ട് പാടില്ലായിരുന്നുവെന്ന് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. നീയെന്തറിഞ്ഞു, നീലത്താമരേ എന്ന ഗാനം ആലപിച്ചാണ് ഹരിദാസ് അവാര്‍ഡിന് മറുപടി പറഞ്ഞത്. ഗായകന്‍ സതീഷ്ബാബുവിനും മേയര്‍ മൊമെന്‍േറാ കൈമാറി. എങ്ങനെ നീ മറക്കും അടക്കം 15 വ്യത്യസ്ത സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ 27 ഗാനങ്ങളാണ് സതീഷ്ബാബു പാടിയത്. മണികണ്ഠന്‍ നയിച്ച ഓര്‍ക്കസ്ട്രയാണ് ഗാനങ്ങള്‍ക്ക് പിന്തുണ നല്‍കിയത്. ഹരിദാസ്, മധു എന്നിവരായിരുന്നു കീബോര്‍ഡില്‍. രാജു (സാക്സോഫോണ്‍), ജോയ് വിന്‍സെന്‍റ് (ലീഡ് ഗിറ്റാര്‍), ഹബീബ് (ബാസ് ഗിറ്റാര്‍), കളരിക്കല്‍ രാജന്‍, ബാബുരാജ് (റിതം കമ്പോസര്‍), ഫിറോസ് (തബല) എന്നിവരും അടങ്ങുന്നതായിരുന്നു ട്രൂപ്. എന്‍. സുഭാഷ് ബാബു അധ്യക്ഷത വഹിച്ചു. വില്‍സണ്‍ സാമുവല്‍, കെ. സലാം എന്നിവരും സംസാരിച്ചു. കെ. സുബൈര്‍ സ്വാഗതവും മണികണ്ഠന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.