പാസ്പോര്‍ട്ട് നിബന്ധന രണ്ടുമാസത്തേക്ക് നിര്‍ത്തിവെച്ചു; ചരക്കുമായി ഉരുക്കള്‍ യാത്രയായി

ബേപ്പൂര്‍: സുരക്ഷാമാനദണ്ഡം ശക്തമാക്കുന്നതിന്‍െറ ഭഗമായി മുന്നറിയിപ്പില്ലാതെ വെസ്സലിലേയും ഉരുവിലേയും തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കിയത് രണ്ടു മാസത്തേക്ക് നിര്‍ത്തിവെച്ചു. ചരക്കുമായി പോവാനൊരുങ്ങിയ ഉരുവിലെയും വെസ്സലിലേയും തൊഴിലാളികളും ചരക്കും ബേപ്പൂര്‍ തുറമുഖത്ത് കുടുങ്ങിയ സംഭവം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ വെസ്സലുകളിലെ തൊഴിലാളികള്‍ക്ക് സീമാന്‍ തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കുന്നത്. ഇത് പോരെന്നതാണ് തൊഴിലാളികള്‍ക്ക് വിനയായത്. എന്നാല്‍, കേന്ദ്രസര്‍ക്കാറിന്‍െറ നിബന്ധന തൂത്തുക്കുടി തുറമുഖവും മംഗളൂരു തുറമുഖവും നടപ്പാക്കിയിട്ടില്ല. ഇത് ചരക്ക് കയറ്റുമതി ഇനത്തില്‍ ബേപ്പൂരിന് തിരിച്ചടിയാകാനും സാധ്യതയുണ്ട്. വര്‍ഷത്തില്‍ 40 മുതല്‍ 60വരെ ഉരു ചരക്കുമായി വരുകയും പോവുകയും ചെയ്തിടത്ത് ഇപ്പോള്‍ പത്തില്‍ താഴെയാണ് എത്തുന്നത്. കയറ്റിറക്കിലെ പ്രശ്നങ്ങളും മറ്റുമാണ് ഉരു കൂട്ടത്തോടെ മംഗളൂരുവിലേക്ക് ചുവടുമാറ്റുന്നതിന് കാരണമാകുന്നത്.പുതിയ പാസ്പോര്‍ട്ട് നിയമം ബാധകമാക്കുന്നതിന്‍െറ ഭാഗമായി ഉരു-വെസ്സല്‍ ഉടമകളുമായി ബുധനാഴ്ച തുറമുഖത്ത് യോഗംചേരാന്‍ തുറമുഖ വകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര മറൈന്‍ നിയമമനുസരിച്ച് മേയ് 15ന് ചെറുകിട തുറമുഖങ്ങള്‍ നാലുമാസം അടച്ചിടും. അതുകൊണ്ട് ഉരു ഉടമകള്‍ക്ക് ഓരോദിവസവും അതീവ പ്രാധാന്യമുള്ളതാണ്. ഇതിനിടയിലാണ് പാസ്പോര്‍ട്ട് നിയമം ബേപ്പൂര്‍ തുറമുഖവകുപ്പ് അധികൃതര്‍ നിര്‍ബന്ധമാക്കിയത്. എന്നാല്‍, ഇത്തരം ഒരു നിയമം നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ഉരു-വെസ്സല്‍ ഉടമകളോട് സംസാരിക്കുകയൊ മറ്റോ ചെയ്തില്ല എന്നതാണ് തൊഴിലാളികളെയും ഉടമകളെയും വെട്ടിലാക്കിയത്. നിയമം രണ്ടു മാസത്തേക്ക് നിര്‍ത്തിവെച്ചതോടെ ശനിയാഴ്ച വൈകീട്ട് ലക്ഷദ്വീപിലേക്കും മറ്റും ചരക്ക് ഉരുക്കള്‍ പുറപ്പെട്ടു. പത്താന്‍കോട്ട്, മുംബൈ ഭീകരാക്രമണത്തിനുശേഷം കടല്‍മാര്‍ഗമുള്ള ചരക്കുകടത്ത് നിയമം കര്‍ശനമാക്കുക മാത്രമാണ് ഉണ്ടായതെന്നാണ് അധികൃതരുടെ ഭാഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.