തെറ്റായ ലാബ് ഫലം: ക്രിക്കറ്റ് താരത്തിന് മഞ്ഞപ്പിത്തം

കോഴിക്കോട്: സ്വകാര്യ മെഡിക്കല്‍ ലാബില്‍നിന്ന് മഞ്ഞപ്പിത്തമുണ്ടെന്ന് തെറ്റായ രക്തപരിശോധനാ ഫലം നല്‍കിയെന്ന് ആരോപിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി. മടവൂര്‍ 14ാം വാര്‍ഡില്‍ കൊട്ടാരക്കുന്നുമ്മല്‍ ഗിരീഷാണ് തന്‍െറ മകന്‍ ഷിബിന് (16) മഞ്ഞപ്പിത്തമുണ്ടെന്ന് സ്ഥിരീകരിച്ച് രണ്ടു തവണ രക്തപരിശോധനാഫലം നല്‍കിയെന്ന് കാണിച്ച് നരിക്കുനിയിലെ സ്വകാര്യ ലാബിനെതിരെ പരാതി നല്‍കിയത്. പരിശോധനാഫലം തെറ്റാണെന്ന് മെഡിക്കല്‍ കോളജിലെ ലാബിലെ പരിശോധനയില്‍ തെളിഞ്ഞത്രേ. പരാതിയില്‍ പറയുന്നത് ഇങ്ങനെ: അണ്ടര്‍ 17 ക്രിക്കറ്റ് ടീമംഗമായ ഷിബിന്‍ കളിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ പോയി തിരിച്ചുവന്നപ്പോള്‍ പനിയും ഛര്‍ദിയും അനുഭവപ്പെട്ടു. ഉടന്‍ ഡോക്ടറെ കാണിക്കുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം നരിക്കുനിയിലെ ലാബില്‍ പരിശോധന നടത്തുകയും ചെയ്തു. മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇവിടെനിന്ന് കിട്ടിയത്. തുടര്‍ന്ന് ഡോക്ടര്‍ മരുന്ന് നല്‍കുകയും അത് കഴിക്കുകയും ചെയ്തു. എന്നാല്‍, മൂന്നു ദിവസം കഴിഞ്ഞിട്ടും മഞ്ഞപ്പിത്തത്തിന്‍െറ ലക്ഷണങ്ങളൊന്നും കാണാഞ്ഞതിനാല്‍ മറ്റൊരു സ്വകാര്യ ലാബില്‍ പരിശോധന നടത്തി. അതില്‍ മഞ്ഞപ്പിത്തമില്ളെന്ന ഫലമാണ് കിട്ടിയത്. വീണ്ടും നരിക്കുനിയിലെ പ്രസ്തുത ലാബില്‍ പരിശോധിച്ചപ്പോള്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച റിപ്പോര്‍ട്ടാണ് വീണ്ടും കിട്ടിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം അവിടത്തെ ലാബില്‍ പരിശോധിക്കുകയും ചെയ്തു. അതിലും മഞ്ഞപ്പിത്തമില്ളെന്ന ഫലമാണ് ലഭിച്ചത്. നരിക്കുനിയിലെ ലാബുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ ഫലം ന്യായീകരിക്കുകയായിരുന്നത്രേ. പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഗിരീഷ് പരാതിയില്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.