അധ്യാപകനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ക്ക്് അഞ്ചുകൊല്ലം കഠിന തടവും പിഴയും

കോഴിക്കോട്: വിദ്യാര്‍ഥിയെ ഗുണദോഷിച്ചതിന് സ്കൂളില്‍ കയറി അധ്യാപകനെ ആക്രമിച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ രണ്ടുപ്രതികള്‍ക്ക് അഞ്ചുകൊല്ലം വീതം കഠിന തടവും 10,000 രൂപ വീതം പിഴയും. വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ നരിപ്പറ്റ മുള്ളമ്പത്ത് തൈവെച്ച പറമ്പില്‍ ബാലന്‍ മാസ്റ്ററെ (52) ആക്രമിച്ച കേസില്‍ ഒന്നും മൂന്നും പ്രതികളായ നരിക്കാട്ടേരി കുനിപ്രം പക്കിച്ചിപ്പറമ്പത്ത് ബബിലേഷ് (33), നരിക്കാട്ടേരി കുനിപ്രം പുത്തന്‍പീടികയില്‍ അനീഷ് (35) എന്നിവര്‍ക്കാണ് മാറാട് കേസുകള്‍ക്കായുള്ള പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ ശിക്ഷവിധിച്ചത്. പിഴയടച്ചില്ളെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം. പിഴയടച്ചാല്‍ തുക അധ്യാപകന് നല്‍കണം. മുഴുവന്‍ അധ്യാപക സമൂഹത്തിനുമെതിരാണ് ആക്രമണമെന്നും ശിക്ഷ മുന്നറിയിപ്പായി മാറണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ശിക്ഷലഭിച്ച അനീഷ് വിദ്യാര്‍ഥിയുടെ അമ്മാവനാണ്. മറ്റു പ്രതികളായ കല്ലാച്ചി താനിയുള്ളതില്‍ ബാബു (41), നരിക്കാട്ടേരി കണിയാങ്കണ്ടി സാജു (40), പുത്തന്‍പീടികയില്‍ സതീശന്‍ (29), പക്കിച്ചിപ്പറമ്പത്ത് മനോജന്‍ (39) എന്നിവരെ കോടതി വെറുതെവിട്ടു. പരാതിക്കാരന്‍ ഇവരെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നില്ല. 2014 ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം അഞ്ചോടുകൂടി പ്രതികള്‍ ആക്രമണം നടത്തിയെന്നാണ് കുറ്റ്യാടി പൊലീസെടുത്ത കേസ്. ബാലന്‍ മാസ്റ്റര്‍ ഗുണദോഷിച്ച വിദ്യാര്‍ഥിയുടെ കാര്യം ചര്‍ച്ചചെയ്യാന്‍ ചീക്കോന്ന് യു.പിസ്കൂളില്‍ യോഗം ചേരവെ സഹ അധ്യാപകരും പി.ടി.എ ഭാരവാഹികളും നോക്കിനില്‍ക്കുമ്പോള്‍ ആക്രമിച്ചതായാണ് ആരോപണം. കല്ലുകൊണ്ട് തലക്കടിച്ചും കമ്പിവടികൊണ്ട് അടിച്ചും വധിക്കാന്‍ ശ്രമിച്ചതായാണ് കേസ്. ദൃക്സാക്ഷികളായ പി.ടി.എ ഭാരവാഹികളും സഹ അധ്യാപകരും സാക്ഷിവിസ്താരത്തിനിടെ കൂറുമാറി. പരാതിക്കാരന്‍െറ മൊഴി നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍ ഹാജരായി. ഇന്ത്യന്‍ ശിക്ഷാനിയമം വിവിധ വകുപ്പുകള്‍ പ്രകാരം വധശ്രമം, അന്യായമായി സംഘംചേരല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൊത്തം ആറുകൊല്ലവും ഏഴുമാസവും തടവുവിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷയൊന്നിച്ച് അഞ്ചുകൊല്ലം അനുഭവിച്ചാല്‍ മതി. കുറ്റ്യാടി പൊലീസെടുത്ത കേസില്‍ പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.