ചികിത്സ മാത്രമല്ല കാന്‍സര്‍ രോഗികള്‍ക്ക് മുടിയും നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍

കോഴിക്കോട്: മനുഷ്യജീവന്‍െറ പിടച്ചിലുകള്‍ അടുത്തറിഞ്ഞ് ആശ്വാസമേകുന്നവര്‍ രോഗികളുടെ മനസ്സിന്‍െറ വേദനയും തിരിച്ചറിയുന്നു. ഇന്‍ജക്ഷന്‍ കൊണ്ടും മരുന്നുകൊണ്ടും മാത്രമല്ല മുടികൊണ്ടും ആശ്വാസമാകാന്‍ തങ്ങള്‍ക്കാകുമെന്ന് തെളിയിക്കുകയാണ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍. മുടിമുറിച്ച് നല്‍കുന്നതുവഴി കാന്‍സര്‍ രോഗികള്‍ നേരിടുന്ന അന്തര്‍മുഖത്വത്തെ മറികടക്കാനും ആത്മവിശ്വാസം നല്‍കാനും ശ്രമിക്കുകയാണ് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍. കീമോതെറപ്പിയുടെ ഭാഗമായി കാന്‍സര്‍ രോഗികളുടെ കൊഴിഞ്ഞുപോയ മുടിക്ക് പകരമായി തങ്ങളുടെ ഇടതൂര്‍ന്ന മുടി മുറിച്ചു നല്‍കിയാണ് വിദ്യാര്‍ഥിനികള്‍ സഹജീവിസ്നേഹം പങ്കുവെച്ചത്. മുടികൊഴിച്ചില്‍ കാരണം ആളുകളെ അഭിമുഖീകരിക്കാന്‍പോലും തയാറാകാതെ അന്തര്‍മുഖരായി കഴിയുന്നവര്‍ക്ക് രോഗം പീഡകളുടേത് മാത്രമാകുന്നു. അവരുടെ വേദനകളില്‍ സാന്ത്വനമാകുകയാണ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളുടെ പ്രവര്‍ത്തനം. വര്‍ഷങ്ങളായി ആരോഗ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫോര്‍ യു ചാരിറ്റബ്ള്‍ ട്രസ്റ്റുമായി ചേര്‍ന്ന് കോളജ് യൂനിയന്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ പതിനൊന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ തങ്ങളുടെ മുടി ദാനംചെയ്തു. പരിപാടിക്ക് മുന്നോടിയായി ബോധവത്കരണ ക്ളാസ് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.