പണിതീരാത്ത പൊലീസ് ക്വാര്‍ട്ടേഴ്സില്‍ അന്തിയുറങ്ങുന്നത് ഇതരസംസ്ഥാനക്കാര്‍

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രാപ്പാര്‍ക്കാന്‍ നഗരഹൃദയത്തിലൊരു പണിതീരാത്ത പൊലീസ് ക്വാര്‍ട്ടേഴ്സ്. ചിന്താവളപ്പിലെ ക്രൈംബ്രാഞ്ച് ഓഫിസിന് മുന്നിലാണ് പണിതിട്ടും പണിതിട്ടും പണിതീരാത്ത 48 ഫ്ളാറ്റുകള്‍. 2007ല്‍ തറക്കല്ലിട്ട് നിര്‍മാണം തുടങ്ങിയെങ്കിലും എട്ടുവര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. സിറ്റിയില്‍ 300ഓളം പൊലീസുകാര്‍ ക്വാര്‍ട്ടേഴ്സിനായി അപേക്ഷനല്‍കി കാത്തിരിക്കുമ്പോഴാണ് കോടികള്‍ മുടക്കിയിട്ടും പൂര്‍ത്തിയാകാത്ത കെട്ടിടം ഇതരസംസ്ഥാനക്കാര്‍ക്ക് വാസസ്ഥലമായത്. കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനു കീഴില്‍ 2007ല്‍ നിര്‍മാണമാരംഭിച്ചപ്പോള്‍ 2.30 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. നിര്‍മാണച്ചെലവ് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ഒരുതവണ കരാറുകാരന്‍ ഉപേക്ഷിച്ചുപോയ പ്രവൃത്തി തീരാന്‍ മൊത്തം ഏഴുകോടിയിലധികം മുടക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കാരാറുകാരുടെ കീഴിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ ഏഴുവര്‍ഷമായി ഈ ഫ്ളാറ്റിലാണ് താമസം. താമസത്തിന് ഏജന്‍റുമാര്‍ ഇവരില്‍നിന്നും 50 രൂപ തോതില്‍ ഈടാക്കുന്നതായും ആക്ഷേപമുണ്ട്. ക്രൈംബ്രാഞ്ച് ഓഫിസിലുള്ളവര്‍ക്കുപോലും ആരൊക്കെയാണ് ക്വാര്‍ട്ടേഴ്സില്‍ വന്നുപോകുന്നതെന്ന് അറിയില്ല. അടുത്തിടെ ഷാനു വധശ്രമകേസില്‍ കസ്റ്റഡിയിലെടുത്ത കാര്‍ കത്തിയനിലയില്‍ കണ്ടതും ഇവിടെയാണ്. സ്ട്രക്ചര്‍ പൂര്‍ത്തിയാക്കി മൂന്നുവര്‍ഷം മുമ്പ് കട്ടിളയും വാതിലും മറ്റും പിടിപ്പിച്ചെങ്കിലും ആരും നോക്കാനില്ലാത്തതിനാല്‍ സാമൂഹികവിരുദ്ധര്‍ ഇളക്കിക്കൊണ്ടുപോയി. ബാത്റൂമില്‍ ഘടിപ്പിച്ച സ്റ്റീല്‍ സാമഗ്രികളും നഷ്ടപ്പെട്ടു. ഭൂരിഭാഗം കട്ടിളകളും ചിതല്‍പിടിച്ച് നിലംപൊത്തി. ബാത്റൂമിന്‍െറ ഏതാനും സിന്‍ടെക്സ് വാതിലുകളും കുറെ യൂറോപ്യന്‍ ക്ളോസറ്റുകളും മാത്രമേ ഇനി ബാക്കിയുള്ളൂ. വാതിലില്ലാത്ത മുറികളില്‍ കൂട്ടിയിട്ടിരിക്കുന്ന ക്ളോസറ്റുകളും വാഷ്ബേസിനുകളും പി.വി.സി പൈപ്പുകളും മോഷണം പോകുന്നുമുണ്ട്. ചില ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുംബസമേതമാണ് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നത്. സന്ധ്യയായാല്‍ മിക്കദിവസവും അനാശാസ്യപ്രവര്‍ത്തകരും മദ്യപരും ഇവിടെ ഒത്തുകൂടാറുണ്ടെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. താഴെനിലയിലെ മിക്ക ഫ്ളാറ്റുകളിലും മദ്യക്കുപ്പികള്‍ കൂടിക്കിടക്കുന്നു. ചുറ്റിലും കാടുവളര്‍ന്നു. പാതി കുഴിച്ചിട്ട വാട്ടര്‍ ടാങ്കുകളില്‍ കൊതുക് പെരുകുന്നു. സിമന്‍റ് വില വര്‍ധനമൂലം ആദ്യത്തെ കരാറുകാരന്‍ ഉപേക്ഷിച്ചുപോയതാണ് പ്രവൃത്തി അനന്തമായി നീളാന്‍ കാരണമായതെന്ന് അധികൃതര്‍ പറയുന്നു. മോഡേനൈസേഷന്‍ ഓഫ് പൊലീസ് ഫണ്ട് എന്ന എം.ഒ.പി പദ്ധതിയിലാണ് നിര്‍മാണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.