നഗരസഭയുടെ പണം കൊടുത്തില്ല; ജനപ്രതിനിധികള്‍ ട്രഷറി ഉപരോധിച്ചു

ഫറോക്ക്: ജപ്പാന്‍ കുടിവെള്ളപദ്ധതിക്ക് വാട്ടര്‍ അതോറിറ്റിയില്‍ അടക്കാനായി ഫറോക്ക് നഗരസഭയുടെ പണം നല്‍കാന്‍ ട്രഷറി അധികൃതര്‍ വിസ്സമ്മതിച്ചു. ഇതില്‍ പ്രതിഷേധിച്ച് നഗരസഭാ അധ്യക്ഷ ടി. സുഹറാബിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ഫറോക്ക് സബ്ട്രഷറി ഓഫിസ് ഉപരോധിച്ചു. പ്രതിഷേധത്തിനുമുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ ട്രഷറി അധികൃതര്‍ പണം അനുവദിക്കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട സമരം അവസാനിപ്പിച്ചത്. ജലനിധിക്കുവേണ്ടി 2005ല്‍ പഞ്ചായത്ത് ഭരണസമിതി നീക്കിവെച്ച പണമെടുത്ത് ജപ്പാന്‍ കുടിവെള്ളപദ്ധതിക്കായി വാട്ടര്‍ അതോറിറ്റിയില്‍ അടക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാവിലെ നഗരസഭാ അധികൃതര്‍ പണം പിന്‍വലിക്കാനത്തെിയപ്പോള്‍ ഫറോക്ക് സബ്ട്രഷറി അധികൃതര്‍ തടസ്സം നില്‍ക്കുകയായിരുന്നു. പഞ്ചായത്തായിരുന്നപ്പോള്‍ നീക്കിവെച്ച ഫണ്ട് മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ പേരിലേക്ക് മാറ്റണമെങ്കില്‍ ധനവകുപ്പില്‍ പ്രത്യേകഅനുമതി വേണമെന്ന് എസ്.ടി.ഒയുടെ ചാര്‍ജുണ്ടായിരുന്ന സൂപ്രണ്ട് അറിയിച്ചു. എന്നാല്‍, തനതുഫണ്ടില്‍നിന്ന് 26 ലക്ഷം രൂപ അനുവദിക്കണമെന്ന് നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന് കൗണ്‍സില്‍ തീരുമാനം വേണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭയുടെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി ചേരുകയും ഉച്ചക്കുശേഷം ഈ തീരുമാനവുമായി വീണ്ടും അധികൃതര്‍ ട്രഷറിയിലത്തെുകയും ചെയ്തു. തനതുഫണ്ട് പാസാക്കണമെങ്കിലും ധനകാര്യ വകുപ്പിന്‍െറ ഓര്‍ഡര്‍ വേണമെന്ന് ട്രഷറി അധികൃതര്‍ വീണ്ടും പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. വാക്കുതര്‍ക്കത്തിനിടെ ജനപ്രതിനിധികളോട് അപമര്യാദയായി പൊരുമാറിയത് പ്രശ്നം കൂടുതല്‍ വഷളാക്കി. യു.ഡി.എഫ് ഭരണത്തിനുകീഴില്‍ കുടിവെള്ളപദ്ധതി തുടങ്ങുന്നത് തടസ്സപ്പെടുത്തുകയെന്ന ഇടതുപക്ഷ താല്‍പര്യത്തെ സഹായിക്കുന്ന നിലപാടാണ് ട്രഷറി അധികൃതര്‍ സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ജനങ്ങളുടെ കുടിവെള്ളത്തിനായി കെട്ടിവെക്കാനുള്ള നഗരസഭയുടെ പണം അനുവദിച്ചുതരാതെ ജീവനക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ളെന്നും ഉപരോധക്കാര്‍ പറഞ്ഞു. സംഭവം കൈവിടുമെന്നായപ്പോള്‍ സൂപ്രണ്ട് ട്രഷറി ഡയറക്ടറുമായി ഫോണിലൂടെ ചര്‍ച്ച നടത്തി. പഞ്ചായത്ത് ഫണ്ട് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് കൈമാറാനുള്ള അപേക്ഷ വാങ്ങി തുക അനുവദിക്കാന്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ ഉപരോധം അവസാനിപ്പിച്ചത്. ഫറോക്ക് എസ്.ഐ വിപിന്‍ കെ. വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തത്തെി. ഇതിനെ തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ ടി. സുഹറാബി, വൈസ് ചെയര്‍മാന്‍ വി. മുഹമ്മദ് ഹസന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. ആസിഫ്, എം. ബാക്കിര്‍, ടി. നുസറത്ത്, സബീന മന്‍സൂര്‍, കൗണ്‍സിലര്‍മാരായ കെ. അഷ്റഫ്, മമ്മു വേങ്ങാട്ട്, മൊയ്തീന്‍കോയ, കൊടക്കാട് ആയിഷാബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.