മാവൂരിലെ കല്യാണമണ്ഡപ–ഓഫിസ് സമുച്ചയം: നിര്‍മാണം പുരോഗമിക്കുന്നു

മാവൂര്‍: ടൗണിന്‍െറ മുഖച്ഛായ മാറ്റുന്ന കല്യാണമണ്ഡപ-വാണിജ്യ-ഓഫിസ് സമുച്ചയ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഏഴുകോടി ചെലവിട്ട് നിര്‍മിക്കുന്ന കെട്ടിടസമുച്ചയത്തിന്‍െറ പ്രവൃത്തി കഴിഞ്ഞ സെപ്റ്റംബറിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആരംഭിച്ചത്. കെ.യു.ആര്‍.ഡി.എഫ്.സിയില്‍നിന്ന് ഇതിനായി ലോണ്‍ എടുത്തിട്ടുണ്ട്. നേരത്തേയുണ്ടായിരുന്ന കമ്യൂണിറ്റി ഹാള്‍ പൊളിച്ച് ഇടിച്ചുനിരത്തിയാണ് കെട്ടിടസമുച്ചയം പണിയുന്നത്. ആദ്യം പ്രവൃത്തി തുടങ്ങിയ കല്യാണമണ്ഡപത്തിനുള്ള സ്ട്രക്ച്ചറിന്‍െറ 90 ശതമാനം പൂര്‍ത്തിയായി. ഇതില്‍ താഴെനിലയില്‍ വിശാലമായ വാഹന പാര്‍ക്കിങ്ങും മുകളില്‍ ഓഡിറ്റോറിയവുമാണ് ഉണ്ടാവുക. ബാല്‍ക്കണിയുടെ കോണ്‍ക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഷീറ്റുകൊണ്ടാണ് മേല്‍ക്കൂര. വാഹനപാര്‍ക്കിങ് ഏരിയയുടെ ഒരു ഭാഗത്ത് ഭക്ഷണഹാള്‍ സജ്ജീകരിക്കും. പാര്‍ക്കിങ് ഏരിയയുടെ വടക്കുഭാഗത്ത് വൈദ്യുതി കണ്‍ട്രോള്‍ റൂം, സ്റ്റോര്‍ റൂം പ്രവൃത്തിയും നടക്കുന്നുണ്ട്. ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള ശുചിമുറികള്‍ക്കുപുറമെ അംഗപരിമിതര്‍ക്കുള്ള ശുചിമുറി പാര്‍ക്കിങ് ഏരിയക്കടുത്തുണ്ടാകും. ഒന്നാംനിലയിലുള്ള ഓഡിറ്റോറിയത്തിന്‍െറ നിരപ്പുവരെ വാഹനത്തിലത്തൊവുന്ന റാമ്പിന്‍െറ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായി. വാഹനപാര്‍ക്കിങ് ഏരിയയില്‍നിന്ന് കല്യാണമണ്ഡപത്തിലേക്ക് ലിഫ്റ്റും പടികളുമുണ്ടാകും. കല്യാണമണ്ഡപത്തിന്‍െറ മുന്‍വശത്ത് നാലരമീറ്ററോളം പടിഞ്ഞാറു മാറിയാണ് വാണിജ്യ-ഓഫിസ് സമുച്ചയം നിര്‍മിക്കുക. ഇതിന്‍െറ പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തുടങ്ങും. നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ ഇതിനായി പൊളിച്ചുനീക്കി. ഫണ്ട് സ്വരൂപിക്കുന്നതിന് കടമുറികളുടെ മുന്‍കൂര്‍ ലേലത്തിന് തദ്ദേശവകുപ്പിനോട് അനുമതി തേടാന്‍ കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇരുമുന്നണികള്‍ക്കും തുല്യഅംഗങ്ങളുള്ള ഭരണസമിതിയില്‍ പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പിനെതുടര്‍ന്ന് പ്രസിഡന്‍റിന്‍െറ കാസ്റ്റിങ് വോട്ടോടെയാണ് തീരുമാനം. വാണിജ്യ-ഓഫിസ് സമുച്ചയത്തില്‍ തറനിരപ്പില്‍ ‘L’ ആകൃതിയില്‍ 13 കടമുറികളും ഇതിന്‍െറ മുന്‍വശത്ത് അര്‍ധവൃത്താകൃതിയില്‍ ബസ്ബേയും നിര്‍മിക്കും. ബസ്ബേക്ക് സമീപം സ്റ്റാളുകളും ബസ് കാത്തിരിപ്പ് സൗകര്യവും ഉണ്ടാകും. മുകള്‍നിലയിലും 13 കടമുറികളുണ്ടാകും. ഇവക്കും മുകളിലായാണ് ഓഫിസുകള്‍ സജ്ജീകരിക്കുക. ബസ്ബേയുടെ മുകളിലും ഓഫിസ് മുറികളുണ്ടാകും. സ്റ്റാന്‍ഡിലേക്കും കല്യാണമണ്ഡപത്തിലേക്കും പ്രത്യേകം വഴികളൊരുക്കും. ഇപ്പോഴുള്ള ബസ് വെയ്റ്റിങ് ഷെഡ് പൊളിച്ചുമാറ്റും. നിലവിലെ ഷോപ്പിങ് കോംപ്ളക്സും ഭാവിയില്‍ പൊളിച്ചുമാറ്റും. രണ്ടുവര്‍ഷമാണ് കാലാവധിയെങ്കിലും അടുത്തവര്‍ഷം ഫെബ്രുവരിയോടെ പ്രവൃത്തി തീര്‍ക്കാനാകുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അസി. എന്‍ജിനീയര്‍ സുമിത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.