ജനതാദള്‍ മുന്നണി മാറ്റം: അടിത്തട്ടില്‍ ചര്‍ച്ച തുടങ്ങി

കോഴിക്കോട്: മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ജനതാദളിലെ തര്‍ക്കം പരിഹരിക്കാന്‍ അടിത്തട്ടില്‍ ചര്‍ച്ച തുടങ്ങി. ഞായറാഴ്ച പയ്യോളിയില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ് യു.ഡി.എഫില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് മണ്ഡലം കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനമായത്. പാലക്കാട് പരാജയമുള്‍പ്പെടെ ചര്‍ച്ച ചെയ്ത് മുന്നണിയില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കാനാണ് നിര്‍ദേശം. കോഴിക്കോട് ജില്ലാ പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം മുന്നണിയില്‍ തുടരണമെന്ന് വാദിക്കുമ്പോള്‍ മറുവിഭാഗം ജെ.പി കള്‍ചറല്‍ സെന്‍റര്‍ പുനരുജ്ജീവിപ്പിച്ച് മുന്നണി വിടണമെന്ന വാദക്കാരാണ്. ഈ സാഹചര്യത്തിലാണ് താഴത്തേട്ടില്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. യു.ഡി.എഫ്. ബന്ധമുപേക്ഷിച്ച് ഇടതുമുന്നണിയില്‍ ചേക്കേറണമെന്ന് വാദിക്കുന്ന ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ ജെ.പി കള്‍ചറല്‍ സെന്‍റര്‍ പുനരുജ്ജീവിപ്പിച്ച് കോഴിക്കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ വിളിക്കാന്‍ തീരുമാനിച്ചത്. അതിനിടെ, പാലക്കാട് മോഡല്‍ പരാജയത്തിന്‍െറ പേരില്‍ ചാത്തമംഗലം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പൊട്ടിത്തെറിയുടെ വക്കിലത്തെി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 18ാം വാര്‍ഡിലെ യു.ഡി.എഫ് വിമതനെ വിജയിപ്പിക്കാന്‍ ജെ.ഡി.യു സ്ഥാനാര്‍ഥിയെ കാലുവാരിയതുമായി ബന്ധപ്പെട്ട് യോഗത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം എളമന ഹരിദാസ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത യോഗത്തില്‍ മുന്നണി വിടണമെന്ന ആവശ്യവും ശക്തമായി. ജെ.പി സെന്‍ററിന്‍െറ സംസ്ഥാനതലയോഗം 12ന് തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. ജെ.പി സെന്‍ററിന്‍െറ പേരില്‍ കോഴിക്കോട് ഒത്തുചേര്‍ന്നവരെല്ലാം ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് മടങ്ങണമെന്ന അഭിപ്രായക്കാരാണ്. ജെ.ഡി.യു പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ചാരുപാറ രവിയും സംസ്ഥാന കൗണ്‍സില്‍ അംഗം എളമന ഹരിദാസുമാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി സംസ്ഥാനനേതാക്കളില്‍ മിക്കവരും ഈ സംഘടനയില്‍ അംഗങ്ങളാണ്. അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് അരങ്ങില്‍ ശ്രീധരനാണ് ജെ.പി കള്‍ചറല്‍ സെന്‍ററിന്‍െറ സ്ഥാപകന്‍. ജില്ലാതലത്തില്‍ സെമിനാറുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ജെ.പി അനുസ്മരണം മാത്രമായി ചുരുങ്ങി. അടുത്തകാലംവരെ സെന്‍റര്‍ സജീവമായിരുന്നില്ല. മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് വീണ്ടും യോഗം ചേര്‍ന്നു തുടങ്ങിയത്. ജനതാദള്‍ മുന്നണിമാറ്റം സംബന്ധിച്ച് 13ന് തിരുവനന്തപുരത്ത് നടക്കാനിരുന്ന യോഗം മാറ്റിയതായും സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.