കക്കോടിമണ്ഡലം കോണ്‍ഗ്രസ് നാഥനില്ലാക്കളരി

കക്കോടി: പ്രസിഡന്‍റ് രാജിവെച്ചതോടെ കക്കോടിമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നാഥനില്ലാക്കളരിയായി. നിലവിലെ പ്രസിഡന്‍റ് മാടിച്ചേരി ഗംഗാധരന്‍ പാര്‍ട്ടിക്കുള്ളിലെ കലഹത്തെ തുടര്‍ന്ന് രാജിവെച്ചതോടെയാണ് അണികളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിലും പ്രവര്‍ത്തകരുടെ നിസ്സഹകരണത്തിലും മനംമടുത്താണ് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ബ്ളോക് പ്രസിഡന്‍റ് ടി.കെ. രാജേന്ദ്രന് രാജി സമര്‍പ്പിച്ചത്. രാഷ്ട്രീയച്ചൂടേറിയ സമയത്ത് നേതൃത്വമില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്‍െറ ചെറുത്തുനില്‍പുപോലും അവതാളത്തിലായതായി അണികള്‍ പരാതിപ്പെടുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിച്ച ജനരക്ഷാമാര്‍ച്ചിന് ടി.ടി. രവീന്ദ്രന്‍ കണ്‍വീനറും മനോജ്കുമാര്‍ ചെയര്‍മാനുമായ താല്‍ക്കാലിക കമ്മിറ്റി രൂപവത്കരിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളാണ് മാസങ്ങളായി നിര്‍ജീവമായ സംഘടനയെ അല്‍പമെങ്കിലും പ്രവര്‍ത്തിപ്പിച്ചത്. പാര്‍ട്ടി ഓഫിസ് നിര്‍മാണത്തിനുള്ള ഫണ്ട് പല അംഗങ്ങളുടെയും കൈകളില്‍ കിടക്കുകയാണത്രെ. ബാങ്ക് ജീവനക്കാരുടെ നിയമനത്തിലും സൊസൈറ്റിയില്‍ ജോലി നല്‍കിയതുവഴിയും ലഭിച്ച സംഭാവനയും പല അംഗങ്ങളുടെയും കൈകളിലാണ്. ഇത് പിരിച്ചെടുക്കാന്‍ ഭാരവാഹികള്‍ക്ക് പറ്റാത്തതും അണികളില്‍ മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്. പ്രസിഡന്‍റിന്‍െറ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി കെ.പി.സി.സി പ്രസിഡന്‍റിനും ഡി.സി.സി പ്രസിഡന്‍റിനും നല്‍കാനിരിക്കുകയാണ് ചിലര്‍. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പൊതുസ്വീകാര്യനല്ളെങ്കില്‍ കോണ്‍ഗ്രസിന് പുതിയ വെല്ലുവിളികള്‍ കക്കോടിയില്‍ നേരിടേണ്ടതായിവരുമെന്ന് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.