കാലം കഥാകൃത്തുക്കളെ കീഴ്പ്പെടുത്തുന്നു –വി.ആര്‍. സുധീഷ്

കോഴിക്കോട്: കാലം കഥാകൃത്തുക്കളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരന്‍ വി.ആര്‍. സുധീഷ്. കഥയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ എഴുത്ത് ആധുനികതയെ മുന്നോട്ടുനയിക്കുന്നതായിരുന്നു. കഥയെക്കാള്‍ വലിയ കഥയാണ് സമൂഹത്തില്‍ സംഭവിക്കുന്നത്. പ്രമേയത്തിന് പ്രസക്തിയില്ലാതാവുകയാണ്. മനസ്സില്‍ കടന്നുവരുന്ന വിചിത്ര കഥകള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യങ്ങളെ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്ന് ആര്‍. ഉണ്ണി അഭിപ്രായപ്പെട്ടു. കാലത്തെ മറികടക്കേണ്ടത് ക്രിയാത്മകത കൊണ്ടാണ്. അംബിക സുതന്‍ മാങ്ങാട്, ബി. മുരളി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. എം.സി. അബ്ദുല്‍ നാസര്‍ മോഡറേറ്ററായി. സാഹിത്യ നിരൂപണം മരിച്ചിട്ടില്ല, അതിന്‍െറ മൂല്യം കുറയുകയാണുണ്ടായതെന്ന് എന്‍. ശശിധരന്‍ അഭിപ്രായപ്പെട്ടു. സാഹിത്യ നിരൂപണം കൊലയോ മരണമോ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍െറ കാഴ്ചപ്പാടുകള്‍ മാറുന്നതനുസരിച്ച് സാഹിത്യത്തിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന പൊതു അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പി.കെ. രാജശേഖരന്‍, സുനില്‍ പി. ഇളയിടം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. പി. സുരേഷ് ചര്‍ച്ചകള്‍ നിയന്ത്രിച്ചു. എഴുത്തിലെ ഞാന്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനം, ഇന്ദു മേനോന്‍, എസ്. ഹരീഷ് എന്നിവര്‍ പങ്കെടുത്തു. മറവിക്കു മുകളിലെ ഓര്‍മകളുടെ കലാപമാണ് എഴുത്തെന്ന് സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. ജനിതകമായ ഓര്‍മകള്‍ പേറുന്ന അനുഭവങ്ങളുടെ സഞ്ചാരമാണ് തന്‍െറ കഥകളെന്ന് ഇന്ദു മേനോന്‍ പറഞ്ഞു. എന്‍.പി. ഹാഫിസ് മുഹമ്മദ് മോഡറേറ്ററായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.