കോഴിക്കോട്: മലബാര്‍ ഫുട്ബാള്‍ പ്രേമികളുടെ ഇഷ്ടടീമുകളിലൊന്നായ അര്‍ജന്‍റീനയുടെ യുവനിരക്കെതിരെ ജര്‍മന്‍പട പരാജയത്തിന്‍െറ ഗോള്‍മഴ തീര്‍ക്കുമ്പോഴും ഗാലറിയിലെ മറഡോണ ആരാധകര്‍ക്ക് നിരാശ തെല്ലുമില്ലായിരുന്നു. പകരംവീട്ടാന്‍ മെസി വരുമെന്ന ആത്മവിശ്വാസത്തോടെ കോഴിക്കോട്ടെ ആരാധകര്‍ ഇളംനീലയും വെളുപ്പും ചേര്‍ന്ന അര്‍ജന്‍റീന പതാകയുമായി ഗാലറിയില്‍ വലംവെച്ചു. കളി തുടങ്ങിയപ്പോള്‍ മുതല്‍ 23 വയസ്സിന് താഴെയുള്ള അര്‍ജന്‍റീന ദേശീയടീമിനുള്ള പിന്തുണ വ്യക്തമായിരുന്നു. പന്ത് തൊടാന്‍ പോലുമാവാതെ അര്‍ജന്‍റീനന്‍ താരങ്ങള്‍ വട്ടംചുറ്റിയ ആദ്യ മിനിറ്റുകളിലും ഗാലറികളില്‍ നിന്നുയര്‍ന്നത് ‘വീ വാണ്ട് അര്‍ജന്‍റീന’ എന്നായിരുന്നു. അപരിചിതമായതിനാലാവാം ജര്‍മന്‍ ടീമിന്‍െറ കൊടിയൊന്നും ആരും ഉയര്‍ത്തിയില്ല. ജര്‍മന്‍ ബുണ്ടസ്ലീഗ രണ്ടാം ഡിവിഷന്‍ ടീമായ ടി.എസ്.വി 1860ന്‍െറ ചുണക്കുട്ടികള്‍ നടത്തിയ ഓരോ മുന്നത്തേിലും ഗാലറി നിറഞ്ഞ കൈയടിയും ആരവവുമുയര്‍ന്നെങ്കിലും 16ാം മിനിറ്റില്‍ അര്‍ജന്‍റീനക്ക് എതിരെവന്ന പെനാല്‍റ്റി ഗോളായതോടെ ആവേശം തെല്ലടങ്ങി. മൈതാനത്തിന്‍െറ വടക്കുവശത്ത് ഇറങ്ങിയ അര്‍ജന്‍റീനക്കായിരുന്നു പന്തിറക്കാനുള്ള അവസരവും. എന്നാല്‍, തെക്കുവശത്തുനിന്ന് ആക്രമണത്തിന്‍െറ കുന്തമുന എറിയുന്നതില്‍ ടി.എസ്.വി കാണിച്ച മിടുക്കിനെ അര്‍ജന്‍റീനന്‍ ആരാധകരും സ്വീകരിച്ചു. ടെലിവിഷനില്‍മാത്രം കണ്ട് പരിചയിച്ച ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ താരങ്ങളുടെ ചടുലനീക്കങ്ങള്‍ ആദ്യമായി നേരില്‍ക്കണ്ടപ്പോള്‍ ആദ്യദിവസം കാണികള്‍ക്കുണ്ടായിരുന്ന അമ്പരപ്പ് മാറ്റുന്നതായിരുന്നു രണ്ടാം ദിവസത്തെ കളി. ആക്രമണം അഴിച്ചുവിട്ടും തന്ത്രങ്ങള്‍ മെനഞ്ഞും കളി നെയ്തെടുക്കുന്നതിനിടെ പരുക്കന്‍ അടവുകള്‍ ഉണ്ടായെങ്കിലും മലബാറിലെ സെവന്‍സ് ഫുട്ബാളിലെന്നപോല്‍ ആവേശത്തിരമാലകളുയര്‍ന്നു. 12ാം മിനിറ്റില്‍ ജര്‍മനി തുലച്ച ഗോളവസരവും പരിഹാരമെന്നോണം തുടര്‍ന്നുവന്ന ഗോളുകളും സമ്മിശ്ര വികാരങ്ങളുയര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.