40 കോടി ചെലവഴിച്ചാല്‍ റഗുലേറ്റര്‍ സ്ഥാപിക്കാമെന്ന് ‘കില’ റിപ്പോര്‍ട്ട്

വടകര: വാട്ടര്‍ അതോറിറ്റി വടകര നഗരസഭയില്‍ വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം. പൊതുവെ കുടിവെള്ള ക്ഷാമം നേരിടുമ്പോഴാണ് ഉപയോഗയോഗ്യമല്ലാത്ത ഉപ്പുവെള്ളം കിട്ടുന്നത്. ഇത്തവണ കനാല്‍ തുറന്നതിനാല്‍ ഉപ്പരസത്തിന്‍െറ പ്രശ്നം ഒഴിവാകുമെന്ന് കരുതിയെങ്കിലും ഒരു കുറവുമില്ളെന്ന് നാട്ടുകാര്‍. ഇതോടെ ഹോട്ടലുകളുള്‍പ്പെടെ പ്രയാസത്തിലായിരിക്കുകയാണ്. ഉപ്പു രസമില്ലാത്ത വെള്ളം വന്‍ വില കൊടുത്ത് എത്തിക്കേണ്ട അവസ്ഥയിലാണ് കച്ചവടക്കാരും നാട്ടുകാരും. കുറ്റ്യാടിപ്പുഴയില്‍ നീരൊഴുക്ക് കുറയുമ്പോള്‍ വേലിയേറ്റ സമയത്ത് കടല്‍വെള്ളം കയറിയാണ് ഉപ്പുവെള്ളമാകുന്നത്. ഇത് തടുക്കുന്നതിനായി റഗുലേറ്റര്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏകദേശം 40 കോടി ചെലവഴിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. നഗരസഭയില്‍ നിലവില്‍ 10 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യുന്നുണ്ടെങ്കിലും പൂര്‍ണ ആവശ്യത്തിന് ഇത് തികയില്ല. 8178 സര്‍വിസ് കണക്ഷന്‍ വഴിയാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്. 2011ലെ സെന്‍സസ് പ്രകാരം നഗരസഭയുടെ ജനസംഖ്യ 75,295 ആണ്. 2030 ആകുമ്പോള്‍ ഇത് 1,10,000 ആകുമെന്ന് കേരള ഇന്‍സ്റ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) നടത്തിയ പഠനത്തില്‍ പറയുന്നു. ഫ്ളോട്ടിങ് ജനപെരുപ്പവും മറ്റ് ഗാര്‍ഹികേതര ആവശ്യങ്ങളും കണക്കിലെടുത്താല്‍ 2030ല്‍ 20 ദശലക്ഷം ലിറ്റര്‍ ശുദ്ധജലമാണ് ദിനംപ്രതി ആവശ്യമുള്ളതായി കണക്കാക്കുന്നത്. അങ്ങനെ വരുമ്പോള്‍, 10 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം കൂടി അധികമായി ലഭ്യമാക്കേണ്ടി വരും. കുറ്റ്യാടിപ്പുഴ അടിസ്ഥാനമാക്കി പുതിയ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയാല്‍ മാത്രമെ ഇതിനു കഴിയുകയുള്ളൂവെന്നാണ് പറയുന്നത്. ഇതിനായി ഏകദേശം 60 കോടി ചെലവുവരുമെന്നാണ് കിലയുടെ കണക്കുകൂട്ടല്‍. വടകര നിയോജക മണ്ഡലത്തിലെ ഏറാമല, ഒഞ്ചിയം, അഴിയൂര്‍, ചോറോട് എന്നീ പഞ്ചായത്തുകളില്‍ വാണിമേല്‍ പുഴ ജലസ്രോതസ്സായുള്ള ശുദ്ധജല പദ്ധതി മുഖേനയാണ് കുടിവെള്ള വിതരണം നടത്തുന്നത്. 782 ടാപ്പുകളിലൂടെയും 9013 സര്‍വിസ് കണക്ഷനുകളിലൂടെയുമാണ് കുടിവെള്ള വിതരണം നടക്കുന്നത്. നഗരസഭയിലെ ചില ഭാഗങ്ങളില്‍ വാണിമേല്‍ പുഴയില്‍ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്നുണ്ട്. പഞ്ചായത്തുകളില്‍ ഗുണഭോക്താക്കള്‍ നിയന്ത്രിച്ചുവരുന്ന ഏതാനും ചെറുകിട പദ്ധതികളും നിലവിലുണ്ട്. അതോറിറ്റി പദ്ധതികളുടെ പരിമിതി കാരണം മിക്ക പ്രദേശങ്ങളിലും നിയന്ത്രിതമായി മാത്രമെ ശുദ്ധജലവിതരണം സാധ്യമാകുന്നുള്ളൂ. അതിനാല്‍ നിലവിലുള്ള രണ്ട് പദ്ധതികളുടെയും ശേഷി വര്‍ധിപ്പിക്കേണ്ടത് അനിവാര്യതയായി തീര്‍ന്നിരിക്കയാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുവെ നീര്‍ത്തടങ്ങളും വയലുകളും നികത്തപ്പെട്ട പുതിയ കാലത്ത് വേനല്‍ കനക്കും മുമ്പെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ കുടിവെള്ളത്തിന്‍െറ പിടിയില്‍ അകപ്പെടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.