കോഴിക്കോട്: രണ്ടു പതിറ്റാണ്ടപ്പുറത്തെ നഗരത്തെ വിഭാവനംചെയ്ത് തയാറാക്കിയ അര്‍ബന്‍ ഏരിയ മാസ്റ്റര്‍ പ്ളാന്‍ ജില്ല ആസൂത്രണ സമിതി യോഗത്തില്‍ അവതരിപ്പിച്ചു. മാസ്റ്റര്‍ പ്ളാന്‍ പരിശോധിച്ച് ഡി.പി.സി നിര്‍ദേശം സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നതിനായി അഭിപ്രായം സ്വരൂപിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. കോഴിക്കോട് കോര്‍പറേഷനു പുറമെ ഫറോക്ക്, രാമനാട്ടുകര നഗരസഭകള്‍, കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് മാസ്റ്റര്‍ പ്ളാനില്‍ ഉള്‍പ്പെട്ട അര്‍ബന്‍ ഏരിയ. 2035 വരെ കാലയളവ് മുന്നില്‍ക്കണ്ടുള്ള പരിസ്ഥിതിസൗഹൃദ വികസനമാണ് മാസ്റ്റര്‍ പ്ളാന്‍ മുന്നോട്ടുവെക്കുന്നത്. ഉല്‍പാദന-സേവന മേഖലയില്‍ വിവിധോദ്ദേശ്യ വികസനത്തിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. വ്യവസായം, വാണിജ്യം, വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതുമാണ് മാസ്റ്റര്‍ പ്ളാന്‍. ഭാവിതലമുറയുടെ നിലനില്‍പ് മുന്നില്‍ക്കണ്ടുള്ള ഹരിത വികസനവും ലക്ഷ്യമാണ്. പാരിസ്ഥിതിക പ്രാധാന്യവും പൈതൃക സംരക്ഷണവും ആവശ്യമായ പ്രദേശങ്ങള്‍ സംരക്ഷിച്ചായിരിക്കും വികസനം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എന്നിവരടങ്ങുന്ന സമിതിയായിരിക്കും മാസ്റ്റര്‍ പ്ളാന്‍ പരിശോധിച്ച് അഭിപ്രായം സ്വരൂപിക്കുക. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡി.പി.സിയുടെ പ്രഥമ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട്, ജില്ല പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല, ഡി.പി.സി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.