വി.ഇ.ഒമാരില്ല; പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനം താളംതെറ്റുന്നു

കൊടുവള്ളി: കൊടുവള്ളി ബ്ളോക്കിനു കീഴിലെ പഞ്ചായത്തുകളില്‍ ആവശ്യത്തിന് വി.ഇ.ഒമാരില്ലാത്തതിനാല്‍ പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. പി.എം.എ.വൈ ഭവനപദ്ധതി ഉള്‍പ്പെടെ പദ്ധതികളാണ് അവതാളത്തിലായത്. കേരളത്തിലെ വലിയ ഒമ്പത് ഗ്രാമപഞ്ചായത്തും ഒരു നഗരസഭയും ഉള്‍പ്പെടുന്ന കൊടുവള്ളി ബ്ളോക്ക് പഞ്ചായത്തിലെ വി.ഇ.ഒമാരുടെ അശാസ്ത്രീയ സ്ഥലംമാറ്റമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളംതെറ്റാന്‍ ഇടവരുത്തിയത്. ഇതിനകം എട്ട് വി.ഇ.ഒമാരാണ് സ്ഥലംമാറിപ്പോയത്. പകരം ഇതുവരെ ഈ സ്ഥാനങ്ങളില്‍ ഒഴിവ് നികത്തിയിട്ടില്ല. 20 വി.ഇ.ഒമാര്‍ വേണ്ടിടത്ത് 10 പേര്‍ മാത്രമാണ് നിലവിലുള്ളത്. ഇതില്‍ തന്നെ ഒരാള്‍ക്ക് യു.പി.എസ്.എ അഡൈ്വസ് ആയിട്ടുമുണ്ട്. ഒരാള്‍ പരിശീലനം പൂര്‍ത്തിയാകാത്ത പുതിയ നിയമനവുമാണ്. അതേസമയം, രണ്ടു പഞ്ചായത്തുകള്‍ മാത്രമുള്ള കോഴിക്കോട് ബ്ളോക്കില്‍ ആറ് വി.ഇ.ഒമാരുണ്ട്. എട്ടു പഞ്ചായത്തുള്ള കുന്നമംഗലം ബ്ളോക്കില്‍ 16 പേരും ആറു പഞ്ചായത്തുള്ള ചേളന്നൂര്‍ ബ്ളോക്കില്‍ 12 വി.ഇ.ഒമാരുമുണ്ട്. മലയോര മേഖലയുള്‍പ്പെടുന്ന കൊടുവള്ളി ബ്ളോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ ഭവനപദ്ധതിയുടെ ടാര്‍ജറ്റ് 454 ആണ്. അതേസമയം, കൂടുതല്‍ വി.ഇ.ഒമാരുള്ള ചെറിയ ബ്ളോക്കുകളില്‍ ഇത് പകുതിപോലുമില്ല. പുതുപ്പാടി പഞ്ചായത്തിലും കൊടുവള്ളി നഗരസഭയിലും നിലവില്‍ വി.ഇ.ഒമാരില്ല. മറ്റ് പഞ്ചായത്തുകളിലെ വി.ഇ.ഒമാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. പഞ്ചായത്തുകളിലെ വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണം നടത്തേണ്ട വി.ഇ.ഒമാര്‍ക്ക് കേന്ദ്രാവിഷ്കൃത പദ്ധതികളായ പി.എം.എ.വൈ, ഐ.എ.വൈ തുടങ്ങിയ ഭവനപദ്ധതികളുടെയും ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, സി.പി.എല്‍ സംബന്ധമായ പരാതികള്‍ എന്നിവയുടെയും ചുമതലകള്‍ വഹിക്കേണ്ടതുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കെ മറ്റ് പഞ്ചായത്തുകളുടെ ചുമതലകൂടി വഹിക്കേണ്ടിവരുന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇപ്പോള്‍ സാരമായി ബാധിച്ചിരിക്കുകയാണ്. ബന്ധപ്പെട്ടവര്‍ നിരവധി തവണ ഇക്കാര്യം ജില്ല ഓഫിസറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ തുടര്‍നടപടികളൊന്നുമുണ്ടായില്ളെന്നാണ് പറയുന്നത്. പഞ്ചായത്തുകളില്‍ ആവശ്യത്തിന് വി.ഇ.ഒമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.സി. ഉസ്സയിന്‍ വകുപ്പുമന്ത്രിക്കും മേലധികാരികള്‍ക്കും നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.