കോഴിക്കോട്: സ്ഥലം ലഭ്യമാക്കിയാല്‍ എല്ലായിടത്തും മൈതാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാറും സ്പോട്സ് കൗണ്‍സിലും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍. കേരള ഫുട്ബാള്‍ ട്രെയിനിങ് സെന്‍ററിന് വേണ്ടി പ്രസാദ് വി. ഹരിദാസ് ഒരുക്കിയ ‘ജേര്‍ണി റ്റു ദ ഗോള്‍’ ഡോക്യുമെന്‍ററിയുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സംസ്ഥാന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. കളിക്കാന്‍ സ്ഥലം വിട്ടുകൊടുക്കാമെന്ന ഉറപ്പും പൊതുമത്സരങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള സന്നദ്ധതയും ഉണ്ടാവുക എന്നത് മാത്രമാണ് മാനദണ്ഡം. മൈതാനങ്ങളുടെ സംരക്ഷണത്തിനായി നിയമമുണ്ടെങ്കിലും പരിരക്ഷ ലഭിക്കുന്നില്ല. സ്കൂളുകളിലെയും കോളജുകളിലെയും മൈതാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് കേസാണ് കോടതികളിലുള്ളത്. ഗ്രൗണ്ടുകള്‍ ഇനിയും ഉണ്ടാകണമെന്നും യുവതലമുറയുടെ കായികക്ഷമത വളര്‍ത്തുകയെന്നതുമാണ് സര്‍ക്കാര്‍ നയം. കായികാധ്യാപനം 2011ല്‍ തന്നെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പിന്നീട് തുടര്‍പ്രവര്‍ത്തനം നടന്നില്ല. നൂറോ അതിലധികമോ വിദ്യാര്‍ഥികളുള്ള ഗവ. സ്കൂളുകളില്‍ മുഴുവന്‍ കായികാധ്യാപകരെ നിയമിക്കാനുള്ള കേന്ദ്ര പദ്ധതി അടുത്ത ജനുവരി മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍വരും. ഇതിന്‍െറ അഭിമുഖവും പരീക്ഷയും പൂര്‍ത്തിയാക്കി. കായികാധ്യാപകരില്ലാത്ത എയിഡഡ് സ്കൂളുകളിലേക്കും അവര്‍ അപേക്ഷിച്ചാല്‍ ഈ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താം- അദ്ദേഹം പറഞ്ഞു. എഫ്.സി കേരള ഡയറക്ടര്‍ കെ.പി. സണ്ണി അധ്യക്ഷതവഹിച്ചു. എഫ്.സി കേരള അംഗത്വ വിതരണം ടി.പി. ദാസനും മുന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ സേതുമാധവനും ചേര്‍ന്ന് നിര്‍വഹിച്ചു. കെ.എഫ്.ടി.സി കോച്ച് നിയാസ് റഹ്മാന്‍ സ്വാഗതവും പ്രസാദ് വി.ഹരിദാസന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.