ഒരു നാട് ഇറങ്ങുന്നു; നെല്‍കൃഷി തിരിച്ചുപിടിക്കാന്‍

കൊടിയത്തൂര്‍: പച്ചപ്പ് പോയാല്‍ ഒപ്പം മറയുന്നത് നാടിന്‍െറ നന്മയാണ്. നാട് നശിക്കരുതെന്ന് പറഞ്ഞ് ഒരു ദേശം ഒരുമിച്ചിറങ്ങിയ കാഴ്ചയായിരുന്നു അത്. കൃഷി തിരിച്ചുപിടിക്കാന്‍ നാടൊരുങ്ങിയപ്പോള്‍ അത് ഉത്സവമായി. ചുള്ളിക്കാപറമ്പ് പുഞ്ചപാടമാണ് സ്ഥലം. ഒരു കാലത്ത് കൃഷിയുടെ സമൃദ്ധി വിളഞ്ഞ ഭൂമി. ഇന്നിവിടം ഊഷരമാണ്. ഇരുപത് വര്‍ഷമായി കൃഷിയിറക്കാതെ കിടക്കുന്ന വയലുകള്‍. കൃഷി ഒഴിഞ്ഞതോടെ നെല്ലുല്‍പാദനത്തില്‍ വന്‍പ്രതിസന്ധിയുണ്ടായി. ഒടുവില്‍ പുഞ്ചപ്പാടത്ത് 125 ഏക്കറില്‍ നെല്‍കൃഷിയിറക്കാന്‍തന്നെ അവര്‍ തീരുമാനിച്ചു. പഞ്ചായത്തിന്‍െറയും കൃഷിവകുപ്പിന്‍െറയും നേതൃത്വത്തിലാണ് നെല്‍കൃഷി ആരംഭിക്കാന്‍ തീരുമാനിച്ചത്. ആദ്യ ഞാറുനടല്‍ ചുള്ളിക്കാപറമ്പ് പാടത്ത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ കൈകൊണ്ടുതന്നെയായി. ചടങ്ങില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ബ്ളോക് വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുറഹിമാന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷറഫുന്നിസ ടീച്ചര്‍, സി.കെ. കാസിം, വി. വസീഫ്, വി.എ. സണ്ണി, വാര്‍ഡ് അംഗങ്ങളായ ഉമാ ഉണ്ണികൃഷ്ണന്‍, കെ.വി. അബ്ദുറഹിമാന്‍, താജുന്നിസ, ചേറ്റൂര്‍ മുഹമ്മദ്, ആമിന പാറക്കല്‍, ജമീല തൊട്ടിമല്‍, മൈനര്‍ ഇറിഗേഷന്‍ ഓഫിസര്‍മാരായ ബാബു തോമസ്, ഉണ്ണികൃഷ്ണന്‍, ജോണി, അബ്ദുറഹിമാന്‍, റസാഖ് കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു. മജീദ് കൂളിമാട് രചിച്ച അവതരണ ഗാനം നിയാസ് ചോല ആലപിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല സ്വാഗതവും കൃഷി ഓഫിസര്‍ മീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.