സോഫ്റ്റ്ബാള്‍ ലോകകപ്പിന് കോഴിക്കോട്ടുകാരനും

കോഴിക്കോട്: ഏപ്രില്‍ മാസത്തില്‍ കാനഡയില്‍ നടക്കുന്ന സോഫ്റ്റ്ബാള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അജ്മലും. ഡിസംബര്‍ ആദ്യവാരത്തില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന സെലക്ഷന്‍ ക്യാമ്പിലാണ് 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. നിലവില്‍ കേരള സോഫ്റ്റ്ബാള്‍ ടീമിന്‍െറ വൈസ് ക്യാപ്റ്റനാണ് അജ്മല്‍. ഇതാദ്യമായാണ് ഇന്ത്യ പുരുഷ വിഭാഗം സോഫ്റ്റ്ബാള്‍ ടീമിനെ ലോകകപ്പിനയക്കുന്നത്. ജനുവരിയില്‍ സിംല, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പുതിയ ടീമിനുള്ള പരിശീലനം. കേരളത്തെ പ്രതിനിധാനം ചെയ്ത് നിരവധി ദേശീയ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്തിട്ടുണ്ട് അജ്മല്‍. രണ്ടുവട്ടം ഫെഡറേഷന്‍ കപ്പിലും ഒരുവട്ടം സൗത്ത് സോണ്‍ മത്സരത്തിലും പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഫാറൂഖ് കോളജില്‍നിന്ന്് പി.ജി പഠനം പൂര്‍ത്തിയാക്കിയ അജ്മല്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സജീവമായി മത്സരരംഗത്തു വന്നത്. ഫാറൂഖ് കോളജ്, യൂനിവേഴ്സിറ്റി ടീം ക്യാപ്റ്റനായിരുന്നു. ബേപ്പൂര്‍ സ്വദേശി അഷ്റഫ്-മെഹ്ജസി ദമ്പതികളുടെ മകനാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടംബമാണ് അജ്മലിന്‍െറത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡലുകള്‍ ലഭിച്ച ഇനങ്ങള്‍ക്കേ സര്‍ക്കാറില്‍നിന്ന് കാര്യമായ സഹായം ലഭിക്കുകയുള്ളൂവെന്നതിനാല്‍ പരിശീലനത്തിനും മറ്റും വരുന്ന ചെലവുകള്‍ എങ്ങനെ വഹിക്കുമെന്ന ആശങ്കയിലാണ് ഇവര്‍. കാനഡയിലെ ലോകകപ്പ് മത്സരത്തിനായി സ്പോണ്‍സറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അജ്മല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.