സ്റ്റുഡന്‍റ്സ് റാപ്പിഡ് റസ്പോണ്‍സ് ഫോഴ്സിന് സംസ്ഥാനത്ത് തുടക്കം

കോഴിക്കോട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും സംയുക്ത സംരംഭമായ സ്റ്റുഡന്‍റ്സ് റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സ് (എസ്.ആര്‍.ആര്‍.എഫ്) സംസ്ഥാനത്താദ്യമായി ജില്ലയില്‍ നിലവില്‍ വന്നു. പൈലറ്റ് പ്രോജക്ടായി കോടഞ്ചേരി ഗവ. കോളജിലെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചുള്ള സേനയുടെ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പശുക്കടവ് ദുരന്തത്തത്തെുടര്‍ന്ന് ഉയര്‍ന്നുവന്ന വികാരമാണ് പ്രാദേശികമായി ദുരന്ത നിവാരണ കേന്ദ്രം എന്ന ചിന്തയിലേക്ക് നയിച്ചതെന്ന് മന്ത്രി പറഞ്ഞു. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ തക്ക സമയത്ത് സേനാവിഭാഗങ്ങള്‍ക്ക് എത്തുക എളുപ്പമല്ല. ജനകീയ ഇടപെടലാണ് പ്രധാന ഘടകം. പശുക്കടവില്‍ പ്രദേശത്തുകാര്‍ സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഓടിക്കൂടുന്ന ജനക്കൂട്ടമാണ് കേരളത്തിലുള്ളത്. എന്നാല്‍, ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ബദ്ധപ്പാടില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടം ഉണ്ടാവാറുണ്ട്. ഇത് പരിശീലനത്തിന്‍െറ അഭാവം മൂലമാണ്. പഞ്ചായത്ത് തലത്തിലേക്ക് വരെ പദ്ധതി വ്യാപിപ്പിക്കാന്‍ ആലോചന നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. എസ്.ആര്‍.ആര്‍.എഫിന്‍െറ ലോഗോ റവന്യൂ മന്ത്രിക്ക് നല്‍കി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. കാഡറ്റുകളെ ബാഡ്ജ് ധരിപ്പിക്കലും ഗതാഗതമന്ത്രി നിര്‍വഹിച്ചു. മാനസികാരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എം.എല്‍.എമാരായ സി.കെ. നാണു, പുരുഷന്‍ കടലുണ്ടി എന്നിവര്‍ നിര്‍വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. കൃഷ്ണന്‍, ഡോ. സി.പി. ഷഹീദ് റംസാന്‍, അസി. ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു. എ.ഡി.എം. ടി. ജനില്‍ കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍നാസര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.