നോട്ട് പ്രതിസന്ധിക്കിടെ ക്രിസ്മസ്; ജനം വലയും

കോഴിക്കോട്: ക്രിസ്മസിന് ഒരു ദിവസം മാത്രം ശേഷിക്കെ, നോട്ട് പ്രതിസന്ധിയില്‍ മുറുകി ജനം. ഇനി രണ്ടുദിവസം അവധിയായതിനാല്‍ പണത്തിന് എ.ടി.എമ്മുകള്‍ മാത്രമാണ് ആശ്രയം. ആവശ്യത്തിന് പണം കിട്ടാത്തതിന് പുറമെ, ക്രിസ്മസിന് മുന്‍കൂറായി ലഭിക്കാറുണ്ടായിരുന്ന ശമ്പളവും മുടങ്ങിയതോടെ പലര്‍ക്കും കടം കൊണ്ട ക്രിസ്മസായിരിക്കും ഇക്കുറി. കെ.എസ്.ആര്‍.ടി.സിയില്‍ നവംബര്‍ മാസത്തെ ശമ്പളംതന്നെ മുഴുവനായി കൊടുത്തിട്ടില്ല. സാധാരണ പോലെ ക്രിസ്മസ് ചന്തകള്‍ തുടങ്ങാന്‍ നടപടിയില്ലാത്തതും വര്‍ധിച്ച വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍ ആളുകളെ നിര്‍ബന്ധിതരാക്കും. സാമ്പത്തിക പ്രതിസന്ധി കാരണം പൊതുവിപണി പോലും സജീവമായിട്ടില്ല. എ.ടി.എമ്മുകളിലും ബാങ്കുകളിലും പണക്ഷാമത്തിന് അറുതിയായിട്ടില്ല. അഞ്ഞൂറ് രൂപ നോട്ടുകള്‍ വെള്ളിയാഴ്ച വൈകീട്ട് ലഭ്യമായതായി ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് എ.ടി.എമ്മുകളില്‍ ലഭ്യമാവാന്‍ തിങ്കളാഴ്ചയാവും. ഇന്ന് നാലാം ശനിയാഴ്ചയും നാളെ ഞായറാഴ്ചയും കാരണം ബാങ്ക് അവധിയാണ്. പണമിടപാടിന്‍െറ കാര്യത്തിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. നെറ്റ് വഴിയുള്ള ഇടപാടുകള്‍ കാരണം സെര്‍വര്‍ ജാമാകുന്നത് നിത്യസംഭവമായി. ഇതിനൊപ്പം ചെന്നൈയിലെ വര്‍ദ കൊടുങ്കാറ്റും ഇന്‍റര്‍നെറ്റ് സംവിധാനം അവതാളത്തിലാക്കി. ചെന്നൈയിലാണ് റിസര്‍വ് ബാങ്കിന്‍െറ ദക്ഷിണേന്ത്യ കേന്ദ്രം. ഇത് കാരണം ചെക്കുകള്‍ മാറാന്‍ ഒരു മാസത്തോളം എടുക്കുന്നതായി ഇടപാടുകാര്‍ പറയുന്നു. പണം അയക്കുന്ന കാര്യത്തിലും പ്രശ്നം ഉയര്‍ന്നുവരുന്നു. 1500 രൂപ അയച്ചുകൊടുക്കാന്‍ എത്തുന്ന ആള്‍ രണ്ടായിരത്തിന്‍െറ നോട്ട് നല്‍കിയാല്‍ ബാക്കി നല്‍കാന്‍ ബാങ്കിന് സാധിക്കുന്നില്ല. ഇതിന്‍െറ പേരില്‍ ഇടപാടുകാരും ജീവനക്കാരും തമ്മില്‍ കശപിശയുണ്ടാകുന്നതും പതിവാണ്. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം നീക്കിയതായി ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇടപാടുകാര്‍ക്ക് ഇത് സംബന്ധിച്ച മെസേജുകള്‍ ലഭിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. സ്വന്തം അക്കൗണ്ടുള്ള എ.ടി.എമ്മില്‍നിന്ന് പ്രതിമാസം അഞ്ചും ഇതര എ.ടി.എമ്മുകളില്‍നിന്ന് മൂന്നും തവണ മാത്രമേ പണം പിന്‍വലിക്കാന്‍ പറ്റൂവെന്നും ഇതില്‍ അധികമുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്നുമാണ് സന്ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.