കൊടിയത്തൂര്‍: വര്‍ഷങ്ങളായി വെറുതെ കിടക്കുന്ന കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടത്ത് നെല്‍കൃഷി തിരിച്ചു വരുന്നു. 20 വര്‍ഷമായി മുടങ്ങിക്കിടന്ന നെല്‍കൃഷി ഗ്രാമപഞ്ചായത്തിന്‍െറ ഇടപെടലോടെയാണ് തിരിച്ചുവരുന്നത്. 750ഓളം ഏക്കര്‍ വയലില്‍ 100 ഏക്കറില്‍ നെല്‍കൃഷിയിറക്കും. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് ഉദ്ഘാടനം ചെയ്യും. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ബ്ളോക്ക് പഞ്ചയാത്ത് വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാറിന്‍െറ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നെല്‍കൃഷി ആരംഭിക്കുന്നത്. പശ്ചിമഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് കൃഷിയോഗ്യമാക്കുന്നത്. പന്നിക്കോടുനിന്ന് തുടങ്ങി ഇരുവഴിഞ്ഞി പുഴയില്‍ അവസാനിക്കുന്ന ഏക്കര്‍ കണക്കിന് വയലുകളില്‍ ഇതോടെ രണ്ട് പതിറ്റാണ്ടിന് ശേഷം ഞാറ്റുപാട്ടുയരും. നടുവിലൂടെ ഒഴുകിയിരുന്ന തോടിന്‍െറ സംരക്ഷണഭിത്തി തകര്‍ന്ന് വയലുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതായിരുന്നു കൃഷിക്ക് പ്രധാന തടസ്സം. ഈ തോട് നാലു കിലോമീറ്റര്‍ നീളത്തില്‍ നവീകരിച്ചു. ഇരുവഴിഞ്ഞി പുഴയോരത്ത് തടയണ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇതോടെ ആവശ്യമുള്ള സമയത്ത് വെള്ളം പമ്പ് ചെയ്യാനും മഴക്കാലത്ത് പുഴയില്‍നിന്നുള്ള വെള്ളം തടഞ്ഞുനിര്‍ത്താനും സാധിക്കും. തടയണ നിര്‍മാണത്തോടൊപ്പംതന്നെ പമ്പ് ഹൗസ്, വയലുകളുടെ സൈഡ് കെട്ടി സംരക്ഷിക്കല്‍ എന്നീ പ്രവൃത്തികളും നടക്കുന്നുണ്ട്. പദ്ധതി പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാവുന്നതോടെ 500 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാനാവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏക്കര്‍ കണക്കിന് നെല്‍കൃഷി ചെയ്തിരുന്ന ചെറുവാടിയിലെ വയല്‍ അധികൃതരുടെ അനാസ്ഥ കൊണ്ട് കൃഷിയോഗ്യമല്ലാതാവുകയായിരുന്നു. കാലാകാലങ്ങളില്‍ തോടിന്‍െറ അറ്റകുറ്റപണികള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. കര്‍ഷകരുടെ നിരന്തരമായ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പശ്ചിമഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തെ പ്രവൃത്തി തുടങ്ങിയെങ്കിലും അശാസ്ത്രീയമാണെന്നാരോപിച്ച് ഒരു വിഭാഗം കര്‍ഷകര്‍ രംഗത്തുവന്നു. തുടര്‍ന്ന് കര്‍ഷകരുടെ അഭിപ്രായ സമന്വയമുണ്ടാക്കിയാണിപ്പോള്‍ പ്രവൃത്തി നടക്കുന്നത്. മോയിന്‍ ബാപ്പു ചെയര്‍മാനും എ.സി. മൊയ്തീന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.