കുടിവെള്ള ക്ഷാമം: കടുപ്പിനിയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കണമെന്ന്

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനും കൃഷി ആവശ്യത്തിനുള്ള ജലക്ഷാമത്തിനും പരിഹാരായി മാമ്പുഴയിലെ കടുപ്പിനി ഭാഗത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. നിലവില്‍ കുന്നത്ത് പാലത്തിന് സമീപം തടയണ നിര്‍മിച്ചിട്ടുണ്ടെങ്കിലും കടുപ്പിനി, കയറ്റി, നാഗത്തുംപാടം, ഒടുമ്പ്ര, കള്ളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് ഇത് പരിഹാരമല്ല. കടുപ്പിനിയില്‍ ബ്രിഡ്ജ് നിര്‍മിച്ചാല്‍ മാമ്പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാവും. 20 വര്‍ഷം മുമ്പ് നിര്‍മിച്ച് ഉപയോഗിക്കാതെ കിടക്കുന്ന കള്ളിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിലേക്ക് പുഴയോരത്ത് കിണര്‍ നിര്‍മിച്ചാല്‍ ഈ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഗ്രാമപഞ്ചായത്ത് ഫണ്ടും ഗുണഭോക്തൃ വിഹിതവും ചേര്‍ത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍പെടുത്തി നിര്‍മിച്ച ജലസംഭരണി, കിണറിന് യോജിച്ച സ്ഥലം കണ്ടത്തൊനാവാത്തതിനാലാണ് പ്രവര്‍ത്തിപ്പിക്കാനാവാതെ പോയത്. നേരത്തെ ചില വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടാവാത്തതിനെ തുടര്‍ന്നാണ് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്. ആക്ഷന്‍ കമ്മിറ്റി യോഗം ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മഠത്തില്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.ടി. ബീരാന്‍ കോയ, ബ്ളോക്ക് മെംബര്‍ പി. റംല, വാര്‍ഡ് മെംബര്‍ പി.എം. സൗദ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. രമാനന്ദന്‍, എ. ഷിയാലി, വി. മുസ്തഫ, പി. പവിത്രന്‍, സി. മുസ്തഫ, ടി. മൊയ്തീന്‍ കോയ, ഇ. രമേഷന്‍ എന്നിവര്‍ സംസാരിച്ചു. എം. ആഷിക്ക് കള്ളിക്കുന്ന് സ്വാഗതവും പി. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.