കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുമിച്ച് പഠിച്ച കൂട്ടുകാര്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ഒത്തുചേര്‍ന്നപ്പോള്‍ ആശുപത്രിയിലെ ഓര്‍ത്തോ ഐ.സി.യുവിന് കിട്ടിയത് പുതുമോടി. 1986-92 കാലയളവില്‍ മെഡിക്കല്‍ കോളജില്‍ പഠിച്ച 30ാമത് എം.ബി.ബി.എസ് ബാച്ചാണ് 24 വര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ മാതൃവിദ്യാലയത്തിനുവേണ്ടി നന്മ ചെയ്യാന്‍ കൈകോര്‍ത്തത്. ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ ഓര്‍ത്തോ വിഭാഗത്തിലെ അസി. പ്രഫസര്‍ ഐ.സി.യുവിലെ ദുരവസ്ഥ തങ്ങളുടെ ബാച്ചിന്‍െറ വാട്സ്ആപ് ഗ്രൂപ്പായ ‘സി.എം.സി -30 ബാച്ചി’ല്‍ പങ്കുവെക്കുകയായിരുന്നു. ബാച്ചിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തന കൂട്ടായ്മയായ ‘തുണ’യിലൂടെ ഐ.സി.യു നവീകരണം നടത്തിയാലോ എന്ന ചര്‍ച്ചയായിരുന്നു പിന്നീട്. ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്ന 150ഓളം ഡോക്ടര്‍മാരുള്ള ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഇതിന് പിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഗ്രൂപ് മുഖേന പിരിച്ച അഞ്ചരലക്ഷം രൂപ ഉപയോഗിച്ചാണ് ഐ.സി.യു നവീകരിച്ചത്. എയര്‍ കണ്ടീഷണറും ബി.പി, ഇ.സി.ജി തുടങ്ങിയവയുടെ ഫലം രേഖപ്പെടുത്തുന്നതിനുള്ള ആറ് മള്‍ട്ടിപാര മോണിറ്ററും പുതിയ ഡ്രിപ് സ്റ്റാന്‍ഡുകളും സ്ഥാപിച്ചു. കൂടാതെ ഐ.സി.യുവിലെ കര്‍ട്ടണ്‍, ബെഡ്ഷീറ്റ് തുടങ്ങിയവ മാറ്റുകയും ഒരു ബെഡ് കൂടുതലുള്‍പ്പെടുത്താനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. നിലവില്‍ ആറ് ബെഡുകളാണുള്ളത്. മൂന്നാഴ്ച കൊണ്ട് ഐ.സി.യു മോടിപിടിപ്പിച്ചു. അടുത്തതായി രോഗീബാഹുല്യമുള്ള ഓര്‍ത്തോ ഒ.പിയുടെ സൗകര്യം വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. നവീകരിച്ച ഐ.സി.യുവിന്‍െറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് മെഡിക്കല്‍ കോളജ് സെമിനാര്‍ ഹാളില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്‍റും ബാച്ചിലെ വിദ്യാര്‍ഥിയുമായ ഡോ.വി.ജി. പ്രദീപ്കുമാര്‍ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.