കോഴിക്കോട്: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധി തീരാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ പാതി എ.ടി.എമ്മുകളില്‍നിന്ന് പണം അപ്രാപ്യം. ജില്ലയിലെ അഞ്ഞൂറിലേറെ എ.ടി.എമ്മുകളില്‍ ബ്രാഞ്ചുകള്‍ക്ക് സമീപമുള്ള ഇരുന്നൂറ്റി അമ്പതോളം എണ്ണത്തില്‍ മാത്രമാണ് ആവശ്യത്തിന് പണം ലഭ്യമാവുന്നത്. ഗ്രാമപ്രദേശങ്ങളിലെ പ്രമുഖ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ പണം ഇടുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ കൊണ്ട് തീര്‍ന്നുപോവുകയാണ്. കോഴിക്കോട് നഗരത്തില്‍ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ പണക്ഷാമം രൂക്ഷമാണ്. ഞായറാഴ്ച ഇവിടെ ഒട്ടും പണമുണ്ടായിരുന്നില്ല. തിങ്കളാഴ്ച പണം നിക്ഷേപിച്ചപ്പോള്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ബാങ്ക് കൗണ്ടറിലും നല്ല തിരക്കായിരുന്നു. ഫെഡറല്‍ ബാങ്കിന് കഴിഞ്ഞ ആഴ്ച 36 കോടി ലഭിച്ചെങ്കിലും പ്രതിസന്ധി രൂക്ഷമാണെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ബ്രാഞ്ചുകള്‍ക്ക് അടുത്തുള്ള 70 എ.ടി.എമ്മുകളിലും ഇതല്ലാത്ത 20 എ.ടി.എമ്മുകളിലുമാണ് ഫെഡറല്‍ ബാങ്ക് തിങ്കളാഴ്ച പണം നിക്ഷേപിച്ചത്. ശേഷിക്കുന്നവയില്‍ നവംബര്‍ എട്ടിനുശേഷം ഫെഡറല്‍ ബാങ്ക് പണം നിറച്ചിട്ടില്ല. മൊത്തം 140 എ.ടി.എമ്മുകളാണ് ഫെഡറല്‍ ബാങ്കിന് ഉള്ളത്. ബാങ്കിന്‍െറ താമരശ്ശേരി, കൊടുവള്ളി അടക്കമുള്ള സ്ഥലങ്ങളില്‍ എ.ടി.എമ്മുകളില്‍ പണം ലഭിക്കുന്നില്ല. മെഡിക്കല്‍ കോളജിന് സമീപത്തെ ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയില്‍ പണമില്ലാത്തതിനാല്‍ ഇടപാടുകാര്‍ കഴിഞ്ഞദിവസം റീത്ത് സമര്‍പ്പിച്ചിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ മാത്രമാണ് ഇവിടെ പണമുള്ളത്. ആവശ്യത്തിന് പണം ലഭിക്കാത്തതിനാല്‍ ജീവനക്കാരും ഇടപാടുകാരും തമ്മിലുള്ള വാക്ക്തര്‍ക്കവും ബാങ്കുകളില്‍ പതിവാകുകയാണ്. ഓമശ്ശേരിയിലെ ബാങ്കില്‍ 24000 രൂപ ഒന്നിച്ച് നല്‍കാനാവില്ളെന്ന് അറിയിച്ച ബാങ്ക് ജീവനക്കാരോട് എങ്കില്‍ അക്കൗണ്ട് റദ്ദാക്കിക്കോളൂ എന്നായിരുന്നു ഇടപാടുകാരന്‍െറ പ്രതികരണം. ഇടപാടുകാരോട് കാഷ്ലെസ് സംവിധാനത്തെക്കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഇതുവഴിയുള്ള ഇടപാടുകള്‍ സജീവമായിട്ടില്ളെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. സര്‍വിസ് ചാര്‍ജുകള്‍ സംബന്ധിച്ച ആശങ്കയാണ് ആളുകളെ പിന്നോട്ടുവലിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ കാഷ്ലെസ് സംവിധാനത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് മിക്ക പമ്പുകളിലും നടപ്പായിട്ടില്ല. പിന്‍വലിച്ച അഞ്ഞൂറ്, ആയിരം രൂപയുടെ അതേ മൂല്യത്തിലുള്ള കറന്‍സി അച്ചടിച്ച് ഇറക്കില്ല എന്ന സര്‍ക്കാര്‍ പ്രഖ്യാപനം കൂടി വന്നതോടെ ആളുകള്‍ പണം ചെലവഴിക്കാന്‍ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.