കടമേരിയില്‍ സി.പി.എം നേതാവിന്‍െറ വീടിനുനേരെ വീണ്ടും ബോംബേറ്

തണ്ണീര്‍പന്തല്‍: കടമേരിയില്‍ സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ സി.പി.എം നേതാവിന്‍െറ വീടിനു നേരെ നടന്ന ബോംബേറ് പ്രദേശത്ത് വീണ്ടും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. സി.പി.എം കടമേരി ബ്രാഞ്ച് സെക്രട്ടറി കെ. മോഹനന്‍ മാസ്റ്ററുടെ വീടിനുനേരെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബ് ഏറുണ്ടായത്. വീടിന്‍െറ ഭിത്തിയില്‍ തട്ടി വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ച ബോംബ് പക്ഷേ ആളപായമുണ്ടാക്കിയില്ല. സംഭവം നടക്കുമ്പോള്‍ മോഹനന്‍ മാസ്റ്ററും കുടുംബവും വീട്ടിലുണ്ടായിരുന്നു. ഭിത്തിയില്‍ തട്ടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അക്രമികളെ കുറിച്ച് വീട്ടുടമ പൊലീസ് അധികൃതര്‍ക്ക് വിവരം നല്‍കിയതായി സൂചനയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍.എസ്.എസ് ശാഖയില്‍ നടന്ന ബോംബ് സ്ഫോടനത്തത്തെുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ത്തിലും പൊലീസ് ലാത്തിച്ചാര്‍ജ്ജിലും ഗ്രനേഡ് പ്രയോഗത്തിലുമായി നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എം. നഷീദ ടീച്ചറുടെ അധ്യക്ഷതയില്‍ രണ്ട് ദിവസം മുമ്പ് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും ഡിസംബര്‍ 14 ന് വൈകുന്നേരം നാലു മണിക്ക് കടമേരിയില്‍ സൗഹൃദ സംഗമം നടത്താനും തീരുമാനിച്ചിരുന്നു. സാധാരണ നിലയിലേക്ക് തിരിച്ചുവരുന്ന പ്രദേശത്ത് ചൊവ്വാഴ്ച നടന്ന ബോംബേറ് സമാധാന പ്രേമികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ശക്തമായ പൊലീസ് സാന്നിധ്യത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. സംഘര്‍ഷത്തിലെ യഥാര്‍ഥ പ്രതികളെ മുഖം നോക്കാതെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സര്‍വകക്ഷിയോഗം അഭ്യര്‍ഥിച്ചു. അതിനിടെ കഴിഞ്ഞ ദിവസം പൊലീസിനെ ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകനായ സജീഷിനെ നാദാപുരം കോടതി റിമാന്‍ഡ് ചെയ്തു. സര്‍വകക്ഷി യോഗത്തില്‍ ജില്ല പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി.കെ. സിത, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എം. ഷിജിത്ത്, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ബ്ളോക്ക് മെംബര്‍ തേറത്ത് കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.