ഇനി അവധിക്കുരുക്കും

കോഴിക്കോട്: ബാങ്കുകളിലെ പണക്ഷാമം രൂക്ഷമായിരിക്കെ ബാങ്ക് അവധിദിനങ്ങള്‍ ജില്ലയിലെ ജനങ്ങളെയും അങ്കലാപ്പിലാക്കും. അവധികാരണം ബാങ്കുകളിലും എ.ടി.എമ്മിലും വ്യാഴാഴ്ച നല്ല തിരക്കായിരുന്നു. ഇത് വെള്ളിയാഴ്ചയും ആവര്‍ത്തിക്കും. ഇപ്പോഴും പലര്‍ക്കും ശമ്പളം മുഴുവനായി ബാങ്ക് വഴി ലഭിച്ചിട്ടില്ല എന്നതുതന്നെയാണ് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നത്. രണ്ടാം ശനി, ഞായര്‍, നബിദിനം എന്നീ അടുപ്പിച്ചുള്ള ബാങ്ക് അവധി ദിനങ്ങള്‍ അടുപ്പിച്ച് വരുന്നത്, സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് വലയും. ഒരാഴ്ച മുമ്പ് ലഭിച്ച 145 കോടിയിലാണ് എസ്.ബി.ടി ആറു ദിവസം പ്രവര്‍ത്തിച്ചത്. ഇത് അര്‍ബന്‍ ബാങ്കുകള്‍, ട്രഷറികള്‍ എന്നിവക്ക് അടക്കം കൈമാറിയതോടെ 30 ലക്ഷത്തോളം രൂപയാണ് ബ്രാഞ്ചുകള്‍ക്ക് ലഭിച്ചത്. ഇത് തീര്‍ന്നതോടെ വയനാട് അടക്കം ഇടപാടുകാര്‍ കുറഞ്ഞ മേഖലകളില്‍നിന്ന് പണം വാങ്ങിയാണ് നഗരത്തിലെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, വ്യാഴാഴ്ചയോടെ ബാങ്കുകളില്‍ പണം തീര്‍ന്നു. രാത്രിയോടെ 50 കോടിയോളം രൂപ ആര്‍.ബി.ഐയില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കഴിഞ്ഞയാഴ്ച 140 കോടി ലഭിച്ചിടത്താണ് ഇത്തവണ മൂന്നിലൊന്നായി കുറഞ്ഞ തുക ലഭിച്ചത്. എസ്.ബി.ഐ മാനാഞ്ചിറ മെയിന്‍ ബ്രാഞ്ചില്‍ ആര്‍.ബി.ഐയില്‍നിന്ന് പണം ലഭിച്ചതുതന്നെയില്ല. ഇതര ശാഖകളില്‍നിന്ന് പണം ലഭ്യമാക്കിയാണ് നല്‍കിയത്. ഫെഡറല്‍ ബാങ്കില്‍ ബുധനാഴ്ച ലഭിച്ച 20 കോടി കൊണ്ടാണ് ഒരാഴ്ച പ്രവര്‍ത്തിച്ചത്. പണക്ഷാമം കാരണം പല ബാങ്കുകളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും പരിമിത തോതിലാണ് പണം ലഭ്യമായത്. 24,000 രൂപ തേടി എത്തിയവര്‍ക്ക് ബുധനാഴ്ച ലഭിച്ചത് 6500 രൂപ. വ്യാഴാഴ്ച ലഭിച്ചത് 4000 രൂപയും. പല ബാങ്കിലും പേമെന്‍റ് സ്ളിപ്പുകള്‍പോലും ലഭ്യമായിരുന്നില്ളെന്ന് ആക്ഷേപമുണ്ട്. എന്നാല്‍, ആവശ്യത്തിന് പണം ലഭിച്ചതായി സിന്‍ഡിക്കേറ്റ്, കനറ ബാങ്ക് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി പണം ലഭിച്ചാല്‍ മൂന്നു ദിവസത്തെ അവധിക്ക് മുന്നൊരുക്കമായി, ജില്ലയിലെ 27 എ.ടി.എമ്മുകള്‍ നിറക്കാന്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, മറ്റു ബാങ്കുകളില്‍ ശാഖ ഓഫിസുകള്‍ക്ക് സമീപം മാത്രമേ വെള്ളിയാഴ്ച പണം ലഭിക്കാന്‍ സാധ്യതയുള്ളൂ. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ എ.ടി.എമ്മുകള്‍ അടക്കം അടച്ചിട്ടനിലയിലാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.