പ്രാര്‍ഥനകള്‍ സഫലം; മെഹ്സിന്‍െറ മുഖത്ത് ഇനി വേദനയില്ല

കോഴിക്കോട്: മെഹ്സിന്‍ എന്ന മൂന്നുവയസ്സുകാരന്‍െറ കുഞ്ഞുമുഖത്ത് ഇപ്പോള്‍ പാല്‍പ്പുഞ്ചിരിയാണ്. ജനിച്ച നാള്‍ മുതല്‍ മൂത്രമൊഴിക്കാന്‍ കഴിയാതെ അനുഭവിക്കുന്ന വേദന ഇപ്പോള്‍ അവനില്ല. ഡോക്ടര്‍മാര്‍ കൃത്രിമമായി ഉണ്ടാക്കിയ ദ്വാരം വഴിയാണ് അവന്‍ മൂത്രമൊഴിച്ചിരുന്നത്. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് അവനും പിതാവ് മുദ്ദസിര്‍, മാതാവ് സറീന, പിതൃമാതാവ് ലൈലാബി എന്നിവരും കഴിഞ്ഞ ദിവസം തിരിച്ചത്തെി. ഇത് അഞ്ചാമത്തെ ശസ്ത്രക്രിയയായിരുന്നു, മെഹ്സിന്. രണ്ട് മാസത്തോളം നീണ്ട ചികിത്സക്ക് ശേഷം കവിളില്‍നിന്ന് തൊലിയെടുത്ത് മൂത്രക്കുഴലില്‍ തുന്നിച്ചേര്‍ക്കുന്ന ശസ്ത്രക്രിയയാണ് വിജയം കണ്ടത്. ഇപ്പോള്‍ സാവധാനത്തില്‍ മെഹ്സിന് മൂത്രമൊഴിക്കാം. മൂന്നുമാസം കൊണ്ട് മറ്റു കുട്ടികളെപ്പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നാല് ശസ്ത്രക്രിയകള്‍ക്ക് ശേഷവും മൂത്രമൊഴിക്കാന്‍ കഴിയാതിരുന്ന മെഹ്സിന്‍െറ ദുരിതം സംബന്ധിച്ച് വന്ന ‘മാധ്യമം’ വാര്‍ത്തയാണ് തുണയായത്. 11 ലക്ഷം രൂപയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ സ്വരൂപിച്ചത്. മൂന്നുലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവായത്. കുടുംബത്തിന് വീട് നിര്‍മാണത്തിനുള്ള നടപടികളും ത്വരിതഗതിയിലായി. കിണാശ്ശേരിയില്‍ വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് പെരുമണ്ണ പാറമ്മലില്‍ വാങ്ങിയ മൂന്നുസെന്‍റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. ഇതിനായി അഞ്ചര ലക്ഷം രൂപയാണ് ചെലവായത്. സ്ഥലം രജിസ്ട്രേഷന്‍ വെള്ളിയാഴ്ച നടക്കും. ശേഷിക്കുന്ന തുകകൊണ്ട് വേണം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍. വീടെന്ന സ്വപ്നവുമായി പിതാവ് മുദ്ദസിര്‍ സ്വരൂപിച്ച എട്ട് ലക്ഷത്തോളം രൂപയാണ് നേരത്തെ മകന്‍െറ ചികിത്സക്ക് വേണ്ടി ചെലവഴിച്ചിരുന്നത്. പി. സിക്കന്തര്‍ ചെയര്‍മാനായി കിണാശ്ശേരിയില്‍ രൂപവത്കരിച്ച മെഹ്സിന്‍ ചികിത്സാ സഹായ കമ്മിറ്റി വഴിയാണ് സഹായതുക സ്വരൂപിച്ചത്. മെഹ്സിന്‍ എന്നപേരില്‍ എസ്.ബി.ടി മാങ്കാവ് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോണ്‍: 9447084722. അക്കൗണ്ട് നമ്പര്‍: 67360382593. IFSC: SBTR 0000535.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.