വേളത്ത് സി.പി.എം–സി.പി.ഐ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

വേളം: വലകെട്ടില്‍ വൈദ്യുതി പോസ്റ്റില്‍ എഴുതുന്നതിനെ ചൊല്ലി ഇടത് യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുഭാഗത്തുമുള്ള രണ്ടുപേര്‍ക്ക് പരിക്കേറ്റു. എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ചേര്‍ക്കോത്ത് സി. രജീഷ് (22), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പാലോള്ളതില്‍ രജീഷ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലകെട്ട്-കാപ്പുമല റോഡില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ വൈദ്യുതി പോസ്്റ്റില്‍ എഴുതിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മായ്ച്ചതാണ് സംഘര്‍ഷത്തിനു കാരണമായി പറയുന്നത്. മായ്ക്കുന്നതിനെതിരെ സി.പി.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചുവന്ന് ചോദ്യംചെയ്യുകയും പരസ്പരം അടിനടക്കുകയും ചെയ്തതായി പറയുന്നു. തുടര്‍ന്ന് കുറ്റ്യാടിയില്‍ നിന്ന് പൊലീസ് എത്തിയതോടെയാണ് ഇരുകൂട്ടരും പിരിഞ്ഞുപോയത്. പോസ്റ്റെഴുത്തിനെ ചൊല്ലി മുമ്പേ ഇരുകൂട്ടരും തര്‍ക്കത്തിലാണ്. മുമ്പ് ഇത്തരം പ്രശ്നമുണ്ടായപ്പോള്‍ വൈദ്യുതി കാലുകള്‍ പൊലീസ് ബുക്ക്ഡ് എന്ന് രേഖപ്പെടുത്തിയതാണ്. ഇപ്പോള്‍ സി.പി.എമ്മുകാര്‍ എഴുത്തു തുടങ്ങിയപ്പോള്‍ തങ്ങളും എഴുതാന്‍ തുടങ്ങിയതാണെന്ന് സി.പി.ഐ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ വൈറ്റ്വാഷ് ചെയ്തുവെച്ച പോസ്റ്റിലാണ് സി.പി.ഐക്കാര്‍ എഴുതിയതെന്ന് സി.പി.എം പ്രദേശിക നേതാക്കള്‍ അറിയിച്ചു. ഇരു കൂട്ടരുടെയും പരാതി പ്രകാരം കേസെടുത്തതായി കുറ്റ്യാടി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.