മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണം –ഇഖ്ബാല്‍ ഹുസൈന്‍

കൊടുവള്ളി: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ സമരരംഗത്തിറങ്ങണമെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് ഇഖ്ബാല്‍ ഹുസൈന്‍. ‘നീതിയുടെ പക്ഷത്തോട് ഐക്യപ്പെടുക’ എന്ന പ്രമേയത്തില്‍ നടന്ന എസ്.ഐ.ഒ ജില്ല വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിക്കാനുള്ള സ്വാതന്ത്ര്യം,അഭിപ്രായ സ്വാതന്ത്ര്യം, വിയോജിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ ഇന്ന് ഭീഷണി നേരിടുകയാണ്. അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യുന്നത് നല്ലതല്ല എന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍െറ പ്രസ്താവന ഇതിന്‍െറ വ്യക്തമായ ഉദാഹരണമാണ്. സാമൂഹിക പ്രശ്നങ്ങളില്‍ ആദ്യം ശബ്ദമുയര്‍ത്തുന്നത് എന്നും കേരളസമൂഹമാണ്. രാജ്യത്ത് ചര്‍ച്ചചെയ്യപ്പെടേണ്ട മുഴുവന്‍ സമരവും ശബ്ദവും കേരളത്തില്‍നിന്ന് ഇന്ത്യന്‍ സമൂഹം കാതോര്‍ക്കുന്നുണ്ട്. നജീബിന്‍െറ തിരോധാനത്തില്‍ നടന്ന സമരങ്ങളില്‍ രോഹിത് വെമുലയുടെയും നജീബിന്‍െറയും മാതാക്കളെ ഒരുമിപ്പിച്ച് സമരം നയിച്ച് ദേശീയശ്രദ്ധ നിലനിര്‍ത്തിയത് എസ്.ഐ.ഒയുടെ ഇടപെടലുകളാണ്. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ് ഇഖ്ബാല്‍ ഹുസൈനുള്ള ജില്ല സമ്മേളന ഉപഹാരം സംസ്ഥാന സെക്രട്ടറി ടി.സി. സജീര്‍ കൈമാറി. ഹംദാന്‍ അലി ഖിറാഅത്തും സി.ബി.എസ്.സി കലോത്സവ ജേതാവ് അദീബ് ഫര്‍ഹാന്‍ വാവാട് ഗാനാലാപനവും നടത്തി. കുറ്റിപ്പുറം എം.ഇ.എസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.എം. ബദീഉസ്സമാന്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, സംസ്ഥാന സമിതി അംഗം സാലിഹ് കോട്ടപ്പള്ളി, സെക്രട്ടേറിയറ്റ് അംഗം കെ. അബ്ദുറഹീം, സംസ്ഥാന സമിതി അംഗം ഒ.കെ. ഫാരിസ് എന്നിവര്‍ വിവിധ സെഷനില്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷബീര്‍ കൊടുവള്ളി, ജില്ല പ്രസിഡന്‍റ് നഈം ഗഫൂര്‍, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് കെ.സി. അന്‍വര്‍, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ശരീഫ് മൗലവി, ആര്‍.സി. മൊയ്തീന്‍, എ.സി. ഖമറുദ്ദീന്‍, റമീസ് വേളം എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി. മുജീബ് സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുട കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.