നോട്ടില്‍ നട്ടംതിരിഞ്ഞ് ഗ്രാമീണ മേഖല

പേരാമ്പ്ര: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗ്രാമീണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമായി. പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വേതനം ഭാഗികമായി ലഭിക്കുന്നുണ്ടെങ്കിലും ചില്ലറയില്ലാത്തത് വന്‍ പ്രയാസമാണുണ്ടാക്കുന്നത്. 500 രൂപ നോട്ട് ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കിട്ടിയത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ്. രണ്ടായിരം ലഭിച്ചവര്‍ ആ നോട്ടുംകൊണ്ട് പരക്കം പായുകയാണ്. 1500 രൂപയില്‍ കൂടുതല്‍ സാധനം വാങ്ങിയാല്‍ മാത്രമാണ് 2000 മാറിക്കൊടുക്കുന്നത്. 100, 50 രൂപ നോട്ടുകള്‍ കൂടുതലും ലഭിക്കുന്നത് ഓട്ടോറിക്ഷക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കുമാണ്. എന്നാല്‍, പലരും ഇത് പൂഴ്ത്തിവെക്കുന്നതുകൊണ്ടാണ് ചില്ലറക്ക് വലിയ ക്ഷാമം അനുഭവപ്പെടുന്നതെന്നാണ് ആരോപണം. 30.5 ലക്ഷം രൂപ മാത്രമാണ് പേരാമ്പ്ര സബ് ട്രഷറിയില്‍ മൂന്നു ദിവസമായി വന്നത്. ഇത് ആവശ്യത്തിന്‍െറ 15 ശതമാനം പോലുമില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും. ശമ്പള ദിവസം വന്നതോടെ ഗ്രാമീണ മേഖലയിലെ ബാങ്കുകളിലും എ.ടി.എമ്മുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാമെന്ന് പറയുന്നുണ്ടെങ്കിലും പലര്‍ക്കും 10,000ത്തില്‍ കുറവ് പണം മാത്രമാണ് ലഭിച്ചത്. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ആസ്ഥാനമായ കൂട്ടാലിടയില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ ശാഖ മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ നോട്ട് അസാധുവാക്കിയതു മുതല്‍ ഇവിടെ തിരക്കൊഴിഞ്ഞിട്ടില്ല. തിരക്ക് കാരണം കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘങ്ങളുടെ ആഴ്ചസമ്പാദ്യമൊന്നും സ്വീകരിക്കുന്നില്ല. ഇത് നൂറുകണക്കിന് സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കല്യാണവീട്ടുകാരെയെല്ലാം നോട്ട് നിരോധനം വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കല്യാണത്തോടനുബന്ധിച്ച് നടത്തുന്ന പാര്‍ട്ടിയില്‍ വധൂവരന്മാര്‍ക്ക് ലഭിക്കുന്ന സമ്മാന കവര്‍ പ്രധാന ധനസമാഹരണമായിരുന്നു. നോട്ട് അസാധുവാക്കിയ ശേഷമുള്ള കല്യാണങ്ങളിലെ സമ്മാന കവറില്‍നിന്ന് ലഭിക്കുന്ന തുക വളരെ കുറഞ്ഞിരിക്കുകയാണ്. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ കാര്യമായ പ്രവൃത്തിയൊന്നും നടക്കുന്നില്ല. റേഷന്‍ കടകളില്‍ അരിയില്ലാത്തതും അരിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.