മുക്കം: മലയോര മേഖലയില്‍ ടിപ്പര്‍ അപകടങ്ങള്‍ പതിവായി. അഞ്ചു വര്‍ഷത്തിനിടെ ടിപ്പര്‍ അപകടങ്ങള്‍മൂലം നിരവധി പേരുടെ ജീവനാണ് റോഡില്‍ പൊലിഞ്ഞത്. നിരവധി പേര്‍ അംഗവൈകല്യമടക്കം സംഭവിച്ച് ദുരിതക്കയത്തില്‍ കഴിയുന്നു. തലനാരിഴക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരാണ് ഏറെയും. നിയമാനുസൃതവും അനധികൃതവുമായി 200ഓളം കരിങ്കല്‍ ക്വാറികള്‍, എം സാന്‍ഡ് യൂനിറ്റുകള്‍, ക്രഷറുകള്‍, ചെങ്കല്‍ ക്വാറികള്‍ എന്നിവയാണ് മേഖലയിലെ കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായി പ്രവര്‍ത്തിക്കുന്നത്.ഇതില്‍ പകുതിയും തീര്‍ത്തും അനധികൃതവും ബാക്കിയുള്ളവ ആവശ്യമായ മുഴുവന്‍ രേഖകള്‍ ഇല്ലാത്തതുമാണ്. ഖനന യൂനിറ്റുകളില്‍നിന്ന് 2500 ലധികം ടിപ്പര്‍ ലോറികളാണ് രാത്രിയെന്നോ പകലെന്നോ അവധി ദിവസങ്ങളെന്നോ വ്യത്യാസമില്ലാതെ മലയോര റോഡുകളിലൂടെ ചീറിപ്പായുന്നത്. ഞായറാഴ്ചകളിലടക്കം ഇതാണ് അവസ്ഥ. സ്കൂള്‍ സമയങ്ങളില്‍ രാവിലെ 8.30നും 10നു മിടക്കും വൈകുന്നേരം 3.30നും അഞ്ചിനുമിടക്കും ടിപ്പറുകള്‍ സര്‍വിസ് നടത്തരുതെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം ടിപ്പര്‍ ഡ്രൈവര്‍മാര്‍ ലംഘിക്കുകയാണ്. എന്നാല്‍, നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കേണ്ട പൊലീസ്, റവന്യൂ അധികൃതര്‍ എന്നിവര്‍ ഉറക്കം നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. കൂടുതല്‍ ലോഡ് എടുക്കാന്‍ എക്സ്ട്രാ ബോഡി ഫിറ്റ് ചെയ്താണ് ടിപ്പറുകളുടെ മരണപ്പാച്ചില്‍. അപകടം സംഭവിച്ചാലും തങ്ങള്‍ക്ക് ഒന്നും പറ്റില്ളെന്ന സുരക്ഷിതത്വ ബോധമാണ് ടിപ്പര്‍ ഡ്രൈവര്‍മാരെ മരണപ്പാച്ചിലിന് പ്രേരിപ്പിക്കുന്നത്. കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലായാണ് മലയോര മേഖലയിലെ കൂടുതല്‍ ഖനന പ്രവര്‍ത്തനങ്ങളും നടക്കുന്നത്. കാരശേരി, പാറത്തോട്, കൊടിയത്തൂര്‍, തോട്ടുമുക്കം മേഖലയില്‍ മാത്രമായി ഒന്നര കിലോമീറ്റര്‍ പരിധിയില്‍ 75ഓളം ക്വാറി, ക്രഷര്‍, എം സാന്‍ഡ് യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.