കോഴിക്കോട്: തെരുവുനായ് ശല്യത്തില്‍ നഗരത്തിലും പരിസരങ്ങളിലും ജനം പൊറുതിമുട്ടി. കോര്‍പറേഷന്‍ പരിധിയില്‍പെട്ട ചെറുവണ്ണൂര്‍, നല്ലളം, കൊളത്തറ, കണ്ണാട്ടിക്കുളം, അരീക്കാട് എന്നിവിടങ്ങളില്‍ തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. കൂടാതെ ബേപ്പൂര്‍, ചാലിയം, കടലുണ്ടി, വെള്ളയില്‍, കോന്നാട്, ഭട്ട് റോഡ് തുടങ്ങിയ തീരദേശമേഖലയിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. അരക്കിണര്‍ സ്നേഹനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കി. ബേപ്പൂര്‍ റോഡില്‍ അരക്കിണര്‍ ചാക്കേരിപറമ്പ് പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ അടങ്ങുന്നതാണ് സ്നേഹനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍. പ്രദേശത്തെ ആള്‍താമസമില്ലാത്ത വീടുകളും പറമ്പും കേന്ദ്രീകരിച്ച് 12 മുതല്‍ 20 വരെ നായ്ക്കളുടെ സംഘം വിഹരിക്കുന്നുണ്ട്. സമീപവാസികളെയും വഴിയാത്രക്കാരെയും ഈ നായ്സംഘം ആക്രമിക്കുന്നത് പതിവാണ്. നായ് ശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. പ്രശ്നത്തില്‍ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോര്‍പറേഷന്‍, പഞ്ചായത്ത് അധികൃതരോട് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിവാഹസല്‍ക്കാര വീടുകളില്‍നിന്നും സമീപത്തെ കോഴിക്കടകളില്‍നിന്നും റോഡിലുപേക്ഷിച്ചു കടന്നുകളയുന്ന മാലിന്യം ഭക്ഷണമാക്കാന്‍ റോഡിലിറങ്ങുന്ന തെരുവ് നായ്ക്കൂട്ടം ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും സ്കൂള്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കും ഭീഷണിയായിട്ടുണ്ട്. ഓരോ പ്രദേശത്തെയും നിര്‍മാണം പൂര്‍ത്തീകരിക്കാത്ത ആള്‍ താമസമില്ലാത്ത വീടുകളില്‍ തമ്പടിച്ച് രാത്രി സമയങ്ങളില്‍ പുറത്തിറങ്ങിയാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം കൊളത്തറ പനയംതട്ടില്‍ പുലര്‍ച്ചയോടെ മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടികളുടെ പിന്നില്‍ തെരുവ് നായ്ക്കള്‍ ഓടിയതിനാല്‍ നിലത്ത് തെറിച്ചുവീണ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. തെരുവുനായ്ക്കളെ പിടികൂടാന്‍ തുടക്കത്തില്‍തന്നെ നടപടികള്‍ കൈക്കൊള്ളാറുള്ള കോര്‍പറേഷന്‍, നഗരസഭ, പഞ്ചായത്ത് കാര്യാലയത്തിലെ അധികൃതര്‍ ഈ വര്‍ഷം നടപടികള്‍ കൈക്കൊള്ളാത്തതാണ് തെരുവുനായ്ക്കള്‍ പതിന്മടങ്ങ് വര്‍ധിക്കാന്‍ കാരണമായത്. കഴിഞ്ഞദിവസം ചെറുവണ്ണൂര്‍ സ്വദേശി ഉസ്മാന്‍െറ വീട്ടിലെ ചുറ്റുമതിലിനുള്ളില്‍ കയറി വളര്‍ത്തുകോഴികളെ കൊന്നൊടുക്കി. സമീപത്തെ വീട്ടിലെ ഒരു ആടിന് കഴിഞ്ഞദിവസം നായയുടെ കടിയേറ്റെങ്കിലും ആക്രമണത്തില്‍ പരിക്കേറ്റ ആട് ഓടി കൂട്ടില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. തക്കസമയത്ത് കണ്ടതിനാലാണ് ആടിനെ നായകളുടെ ആക്രമണത്തില്‍ രക്ഷിക്കാനായതെന്ന് വീട്ടുകാര്‍ പറഞ്ഞു. കുണ്ടായിത്തോട് താമസിക്കുന്ന കുഞ്ഞുമുഹമ്മദിന്‍െറ വീട്ടിലെ നിരവധി താറാവുകളെയും കഴിഞ്ഞദിവസം തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. കാല്‍നട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് തെരുവു നായ്ക്കളുടെ ഉപദ്രവത്തില്‍ കൂടുതലും ബുദ്ധിമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.